ഒരു ചലച്ചിത്ര പുരസ്കാരദാനംകൂടി നമ്മള് ആഘോഷമാക്കി. അറിഞ്ഞതും അറിയാത്തതുമായ സിനിമകള്‍. അതിന്റെയെല്ലാം മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച കലാകാരന്മാരില് കുറേപ്പേര് പുരസ്കാരത്തിന് അര്‍ഹരായി. അവരുടെ കഴിവിനുള്ള അംഗീകാരം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിനൊപ്പം നാമോരുത്തരും പങ്കുചേര്‍ന്നു. പുരസ്കാരം ലഭിക്കുന്നവര്‍ മാത്രമല്ല വലിയ കലാകാരന്മാര്. ലഭിക്കാത്തവര്‍ മോശപ്പെട്ടവരുമാകുന്നില്ല. എങ്കിലും പുരസ്കാരം വലിയ അംഗീകാരമാണ്. ഉത്തരവാദിത്വവും. പുരസ്കാര വാര്‍ത്തയറിഞ്ഞ് നടന് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ തന്നെയാണ് അതിനുദാഹരണം. ”സിനിമയെ കൂടുതല്‍ സ്നേഹിക്കാനും കൂടുതല്‍ നല്ല കഥാപാത്രങ്ങളെ, ഇതിലും മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കാനുമുള്ള പ്രചോദനമാണ് ഈ പുരസ്കാരം. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്….”. മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രന്‍സിന്റെ ഈ വാക്കുകള്‍ ഓരോ സിനിമാപ്രവര്‍ത്തകനുമുള്ള സന്ദേശമാണ്.
മലയാള സിനിമയ്ക്ക് അതിന്റെതായ ശക്തിയും സൗന്ദര്യവുമുണ്ട്. നിരവധി പേരുടെ അധ്വാനവും ജീവാര്‍പ്പണവുമാണ് സിനിമയെ ഇന്നത്തെ ജനകീയകലാരൂപമാക്കിയത്. സിനിമയ്ക്കായി എല്ലാം നഷ്ടപ്പെടുത്തിയവരും സിനിമയില്‍നിന്ന് ഏറെ നേടിയവരുമുണ്ട്. ഒരു വ്യവസായമെന്നതിലുപരി ജനങ്ങളെ വളരെയധികം സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയില്‍ സിനിമയെ അതിന്റെ എല്ലാ ഗൗരവത്തോടെയുമാകണം വീക്ഷിക്കേണ്ടത്. അതിനുള്ള വഴിതുറക്കലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതും. എന്നാല്‍ ഇത്തവണ പുരസ്കാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജൂറി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഏവരുടെയും സജീവശ്രദ്ധ പതിയേണ്ടതാണെന്നതില്‍ എതിരഭിപ്രായത്തിനു വകയില്ല.
പുരസ്കാരത്തിനെത്തിയ സിനിമകളില്‍ ഭൂരിപക്ഷവും ‘വഷളന്‍’ ചിത്രങ്ങളായിരുന്നു എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. പലതും കണ്ടുതീര്‍ക്കാന്‍ പാടുപെട്ടു. സിനിമകളില്‍ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. 110 ചിത്രങ്ങളുണ്ടായിട്ടും പലതും പൊതുവായുള്ള നിലവാരം പുലര്‍ത്തിയില്ല. ജൂറിക്കുമുന്നിലെത്തിയ സിനിമകളില്‍ 58 എണ്ണം പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായികയുടേത്. മലയാള സിനിമയ്ക്ക് സുവര്‍ണ്ണകാലമുണ്ടായിരുന്നു എന്നു പറയുന്നവരുണ്ട്. എന്നാല്‍ അന്നും നല്ല സിനിമകള്‍ മാത്രമായിരുന്നില്ല പുറത്തുവന്നിരുന്നത്. പക്ഷേ എണ്ണത്തില്‍ കൂടുതലായിരുന്നു അന്നത്തെ സിനിമകള്‍. ഇറങ്ങുന്നവയില്‍ കുറേ ചിത്രങ്ങളെങ്കിലും കലാമൂല്യമുള്ളവയായിരിക്കും. ഇന്ന് എണ്ണത്തില്‍ കുറവുവന്നപ്പോള്‍ ഇറങ്ങുന്നവയില്‍ കൂടുതലും ചവറു സിനിമകളായി.
ആറ് കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തവണ മത്സരിക്കാനെത്തി. എന്നാല്‍ ഇവയില്‍ നല്ലൊരു പങ്കും തീരെ നിലവാരമില്ലാത്തവ ആയിരുന്നു. ഈ ചിത്രങ്ങളും ജൂറിക്കു പീഡനമായെങ്കില്‍ പ്രേക്ഷകര്‍ക്ക് എത്രത്തോളം പീഡനമാകുമെന്ന് പറയേണ്ടതില്ല. സംവിധായകന് ടി.വി ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ജൂറിയുടെ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് മലയാള സിനിമ കൂടുതല്‍ നല്ല വഴിയിലൂടെ സഞ്ചരിക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. പക്ഷേ, ഇത്തരം ഓര്‍മ്മപ്പെടുത്തലുകളെങ്കിലും ഇല്ലാതെപോയാല്‍ ജനങ്ങളേറെ ഇഷ്ടപ്പെടുന്ന ഒരു കലാരൂപം അധികം വൈകാതെ ജനങ്ങള്‍ വെറുക്കുന്നതായി മാറും.
ഈ വര്‍ഷത്തെ അവാര്‍ഡില്‍ ഏറ്റവും സന്തോഷകരമായ കാര്യം പുരസ്കാര ജേതാക്കളില്‍ 78 ശതമാനം കലാകാരന്മാരും ആദ്യമായി സംസ്ഥാനപുരസ്കാരം നേടുന്നവരാണ് എന്നതാണ്. 37ല്‍ 28 പേരും പുതിയവര്‍. അതുമാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. സിനിമയെ ഗൗരവത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവരുടെ തലമുറ ഇല്ലാതായിട്ടില്ലെന്നത് വലിയ ആശ്വാസമാണ്. നല്ല സിനിമകളുടെ കാലം അസ്തമിക്കാതിരിക്കാന്‍ ഇവര്‍ മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: