ബാര്‍ കോഴ കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് മൂന്നാമതും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. മുമ്പ് രണ്ടുതവണ യുഡിഎഫ് ഭരണത്തിലിരിക്കുമ്പോഴാണ് അഴിമതിയിെല്ലന്ന് അടിവരയിട്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ ഇടതുസര്‍ക്കാരും മുന്‍സര്‍ക്കാരിന്റെ വഴിയേ. മാണിയെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കി കേസില്‍ തുടരനേ്വഷണത്തിന് പിണറായി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി അനേ്വഷണം അട്ടത്തുവച്ചു. അനേ്വഷണത്തിന്റെ കാര്യം പറഞ്ഞ് മാണിയെ കൂടെക്കൂട്ടുകയെന്നതായിരുന്നു സിപിഎം ലക്ഷ്യം. ഇത് ഏറെക്കുറെ പൂര്‍ത്തീകരിക്കുകയും ചെയ്തു. സിപിഐ ഇടഞ്ഞുനില്‍ക്കുന്നുവെങ്കിലും മാണിയുടെ കാര്യത്തില്‍ സിപിഎം പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിനു തെളിവാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്. മാണിക്കെതിരായി അനേ്വഷണം നടത്തി റിപ്പോര്‍ട്ട് താമസിപ്പിക്കുന്നതിന് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒന്നരമാസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന്റെ കാലാവധി ഇന്നലെ തീര്‍ന്നതോടെയാണ് മാണി തെറ്റുകാരനല്ലെന്നു പറഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പും കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശനവും സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ മാണിയെ വിശുദ്ധനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടിന് മാനങ്ങള്‍ ഏറെയുണ്ട്. മാണിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെന്നും അനേ്വഷണം തുടരാമെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് നല്കിയ ഉപദേശം. കേസ് നേരാംവണ്ണം അനേ്വഷിച്ചിരുന്നുവെങ്കില്‍ മാണി അകത്ത് കിടക്കുമായിരുന്നുവെന്നും, അദ്ദേഹത്തെ രക്ഷിക്കാന്‍ തുടക്കംമുതല്‍ ശ്രമം നടന്നിരുന്നുവെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരസ്യമായി പറയുന്നത്. മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ വിശദീകരിക്കുന്നത്. ബാറുടമകളുടെ സംഭാഷണം അടങ്ങിയ സിഡിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും, അഹമ്മദാബാദിലെ ലാബില്‍നിന്നും കിട്ടിയ റിപ്പോര്‍ട്ട് തിരിച്ചടിയാവുമെന്നും വിജിലന്‍സ് സൂചിപ്പിക്കുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സംഭാഷണ സിഡിയുടെ എഡിറ്റ് ചെയ്യാത്ത കോപ്പിയിരിപ്പുണ്ട്. ഇത് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കണമെന്ന നിയമോപദേശം കണ്ടില്ലെന്ന് നടിച്ചു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബാര്‍കോഴ കേസായിരുന്നു. മാണിയുടെ രാജി ഇല്ലാതെ അടങ്ങില്ലെന്ന് പറഞ്ഞ് വലിയ സമരപരമ്പരയ്ക്കാണ് സിപിഎം നേതൃത്വം നല്‍കിയത്. മാണിയുടെ വീട്ടില്‍ കൈക്കൂലിയായി കിട്ടുന്ന നോട്ടെണ്ണാന്‍ പ്രതേ്യക മെഷീന് ഉണ്ടെന്നും പ്രചാരണം നടത്തി. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അതിനായി നടത്തിയ പേക്കൂത്തുകള്‍ ജനങ്ങള്‍ കണ്ടതാണ്. സിപിഎം എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ മര്യാദകെട്ട പ്രവര്‍ത്തനം ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കി. ഭരണത്തിന്റെ എല്ലാ പിന്തുണയും ഉപയോഗിച്ച് വളഞ്ഞവഴിയിലൂടെ സഭയ്ക്കുള്ളില്‍ കയറിയ മാണി പേരിന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. അത് വലിയ വിജയമായി കണ്ട് ഭരണപക്ഷം ലഡ്ഡു വിതരണവും നടത്തി. ഇതെല്ലാം മറന്നാണ് സിപിഎം ഇപ്പോള്‍ കെ.എം. മാണിക്കായി പരവതാനി വിരിക്കുന്നത്.
രാഷ്ട്രീയത്തില്‍ ശത്രുതയ്ക്ക് അടിസ്ഥാനമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കൂട്ടുകൂടുന്നതും സഖ്യം ഉണ്ടാക്കുന്നതും തെറ്റുമല്ല. പരസ്പരം നിലപാടുകള്‍ അംഗീകരിക്കുന്ന പാര്‍ട്ടികള്‍ തമ്മിലായിരിക്കണം സഖ്യം. കേരള കോണ്‍ഗ്രസിന് ഇടതുപാര്‍ട്ടികളുമായോ കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുചേരാം. അത് രാഷ്ട്രീയം. പക്ഷേ അഴിമതിക്കാരനാണെന്ന് മുദ്ര കുത്തിയ നേതാവിനെ രക്ഷിക്കാനായി രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മാണി അഴിമതി കാണിച്ചിട്ടില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുമെന്ന് തോന്നുന്നുമില്ല. വിജിലന്‍സ് കാര്യമായ അനേ്വഷണം നടത്തിയിട്ടല്ല, മാണിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഇതാണ്ഇവിടുത്തെ പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: