തമിഴ് സാഹിത്യകാരന് ജയമോഹന് കേരളത്തിലെ ഇടതു സാഹിത്യ നിരൂപകരെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത് ഇവര്‍ക്ക് ഏകമാനദണ്ഡം രാഷ്ട്രീയം മാത്രമാണ് എന്നാണ്. ജലക്ഷാമത്തിന്റെ രൂക്ഷത വ്യക്തമാക്കാന്‍ പുറംതോടില്‍ നിന്ന് പുറത്തായ ഒരു ജലജീവിയുടെ കടല്‍ തേടിയുള്ള പ്രയാണത്തെ അവതരിപ്പിക്കുന്ന തന്റെ ഒരു കഥയ്ക്ക് അവര്‍ നല്കിയ വ്യാഖ്യാനമാണ് അദ്ദേഹത്തെക്കൊണ്ട് അന്ന് ഇങ്ങനെ പറയിച്ചത്. ജലക്ഷാമത്തിന്റെ പ്രയാസങ്ങളല്ല, മറിച്ച് പ്രത്യയശാസ്ത്രത്തിന്റെ പുറംചട്ടയില്‍ നിന്ന് പുറത്തുചാടിയ ഒരാള്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയാണ് അവര്‍ക്ക് ചര്‍ച്ചയായത്. കടലിലെ വെള്ളവും ബക്കറ്റിലെ വെള്ളവുമൊക്കെയായി കേരളത്തില്‍ തളത്തില്‍ ദിനേശന്മാരുടെ പോര് മുറുകിയ കാലമായിരുന്നു അത്.
കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് കന്നട സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖര കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ അവതരിപ്പിച്ചത് ബിജെപിക്കും സംഘപരിവാറിനുമെതിരായ തിരിച്ചടിയായാണ്. കമ്പാര്‍ സിപിഎമ്മുകാരനാണോ, ആകാന്‍ സാധ്യതയുണ്ടോ എന്നൊക്കെ പരതി നോക്കിയതിനുശേഷമായിരുന്നു ആക്രമണം. ഇടതു രാഷ്ട്രീയവുമായി പുലബന്ധം പോലുമില്ലാത്ത കമ്പാറെ ബുദ്ധിപൂര്‍വം പുരോഗമനപക്ഷം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിത്തിറക്കല്‍. ”സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയായ ഒറിയ എഴുത്തുകാരി പ്രതിഭാ റായിയെ 29-നെതിരെ 56 വോട്ടുകള്‍ക്ക് പുരോഗമനപക്ഷക്കാരനായ കമ്പാര്‍ തറപറ്റിച്ചു. മാത്രമല്ല കേന്ദ്രസാഹിത്യ അക്കാദമി പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ രാജ്യം ചെറുത്തുതോല്പിച്ചു.” ഖദറിട്ട എഴുത്തുകാരന് വടക്കേടത്ത് ബാലചന്ദ്രന്റെ ഭാഷയില്‍ കേന്ദ്രസാഹിത്യ അക്കാദമിയില്‍ മോദി പിടിമുറുക്കുമോ എന്ന ആശങ്കമുഴുത്ത് അവര്‍ കമ്പാറിന് വോട്ട് ചെയ്തു. ഇടത്തോട്ട് ചാഞ്ഞുനിന്നാണ് വടക്കേടത്ത് കൂട്ടിച്ചേര്‍ക്കുന്നു: ”ആര്‍എസ്എസ്, ബിജെപിക്കാര്‍ ആ സ്ഥാനത്തേക്ക് വരുന്നതിനെ എന്തു വിലകൊടുത്തും ചെറുക്കും ഞങ്ങള്‍.” ഇതെല്ലാം കേട്ട് തരിച്ചുപോയ കേരളത്തിലെ സാധാരണക്കാര്‍ നരേന്ദ്ര മോദി രാജിവയ്ക്കുന്നതും പിണറായി വിജയന് പ്രധാനമന്ത്രിയാകുന്നതും നോക്കി കാത്തിരിപ്പാണ് സര്.
പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റുവിന് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റാവാന്‍ തോന്നിയ പൂതിയില്‍ നിന്നാണ് അവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കം. സ്വയം ഭാരത രത്നയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമുള്ള ആര്‍ത്തി അന്നുണ്ടായിരുന്നില്ലെന്ന് വേണം വിചാരിക്കാന്‍. സ്വയം നാമനിര്‍ദേശം ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടായിരുന്നുവത്രെ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിതന്നെ വന്നപ്പോള്പ്പിന്നെ എതിര്‍പ്പുണ്ടാവാന്‍ ഇടയില്ലെന്ന തന്ത്രവും തുണയായി. റഷ്യന്‍ സോഷ്യലിസത്തിന്റെ ഖദറിട്ട പൂജാരിയുടെ വഴിയില്‍ ഇടത്തു നോക്കിയാണ് അന്നുമുതലേ കേന്ദ്രസാഹിത്യ അക്കാദമിയുടെ പോക്ക്. ആ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒടുക്കത്തെ എഡിഷനാണ് ഇപ്പോള്‍ കഴിഞ്ഞത്. സ്വതന്ത്രവും ജനാധിപത്യപരവുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാഹിത്യത്തിന്റെ രംഗത്ത് ശ്രേഷ്ഠരായ ആളുകള്‍ മത്സരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നു. അതിനപ്പുറം ഇത് നുഴഞ്ഞുകയറലിന്റെയും പിടിച്ചെടുക്കലിന്റെയും രാഷ്ട്രീയഗോദയാണെന്ന് കരുതാന്‍ എല്ലാവരും മാര്ക്സിസ്റ്റുകളല്ലല്ലോ.
വോട്ട് ചോദിച്ച് പ്രതിഭാറായി നല്കിയ കത്തില്‍ താനൊരു കമ്മ്യൂണിസ്റ്റല്ല എന്ന് വാദിച്ചതാണ് ഇടതരെന്ന് പറയപ്പെടുന്നവരെ പ്രകോപിപ്പിച്ചത്. കമ്മ്യൂണിസ്റ്റല്ലെങ്കില്‍ അവര്‍ സംഘപരിവാറാണെന്നായി വ്യാഖ്യാനം. തന്നെ കമ്മ്യൂണിസ്റ്റായി ചിത്രീകരിച്ച് ചിലര്‍ നടത്തിയ പ്രചാരവേലയ്ക്ക് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രതിഭാ റായ് പറഞ്ഞിട്ടും ഇത്തരക്കാര്‍ അടങ്ങിയില്ല. അവര്‍ സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയാണെന്ന് ദല്‍ഹിയില്‍ തമ്പടിച്ച് കേന്ദ്രവിരുദ്ധപ്രചാരണം നടത്തുന്ന ചില മാധ്യമവേലക്കാര്‍ നോട്ടീസടിച്ചു. മറുഭാഗത്ത് കമ്പാറെ അവര്‍ തന്നെ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് അവര്‍ കല്പിച്ചുണ്ടാക്കിയ അക്കാദമിയിലെ ഈ രാഷ്ട്രീയമത്സരം നടന്നത്.
പുരോഗമനപക്ഷമെന്ന് കമ്പാറെ ഇവര്‍ വിലയിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ പുരോഗമനം കമ്മ്യൂണിസ്റ്റുകാര്‍ കൊണ്ടാടുന്ന രാഹുല്‍ പശുപാലന് ഫെസ്റ്റിന്റെ കങ്കാണിപ്പണിയല്ല. കമ്പാര്‍ ജനുസ് വേറെയാണെന്ന് അറിയാതെയാണ് പാവങ്ങള്‍ അദ്ദേഹത്തെ ചുവപ്പുടുപ്പിക്കാന്‍ പാടുപെട്ടത്. മലയാള മാധ്യമവേലക്കാരുടെ മാത്രം പരിപാടിയായതുകൊണ്ട് കമ്പാര്‍ ഈ അപവാദപ്രചാരണം അറിഞ്ഞിരിക്കാന്‍ തന്നെ ഇടയില്ല.
ചന്ദ്രശേഖര കമ്പാറിന്റെ ഓമനപ്പേര് ശിവപുര കമ്പാറെന്നാണ്. ശിവപുരം അദ്ദേഹത്തിന്റെ രചനകളില്‍ കടന്നുവരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ്. താന്‍ പിറന്ന ബല്‍ഗാമിലെ ഗോദാഗരി ഗ്രാമത്തിന്റെ പരിവേഷമുണ്ട് ശിവപുരത്തിന്. കമ്പാര്‍ എന്ന ‘പുരോഗമനപക്ഷക്കാരന്’ പരമശിവനും പാര്‍വതിയും വസിക്കുന്ന ഗ്രാമമായാണ് ശിവപുരത്തെ അവതരിപ്പിക്കുന്നത്. സീതയെ തേടിയലഞ്ഞ രാമന്റെ യാത്രാപഥത്തിലും ഈ ശിവപുരമുണ്ടായിരുന്നുപോല്.
ദാരിദ്ര്യംകൊണ്ട് പഠിത്തം ഉപേക്ഷിക്കേണ്ടിവന്ന ബാല്യമായിരുന്നു കമ്പാറിന്റെത്. സവാല്ഗിമഠത്തിലെ സിദ്ധന് ജഗത്ഗുരു സിദ്ധരാമസ്വാമിയായിരുന്നു കമ്പാറിന് കണ്‍കണ്ട ദൈവം. തുടര്‍ന്നുള്ള പഠനവും ഉയര്‍ച്ചയും ആ തണലിലായിരുന്നു. ഉത്തരകര്‍ണാടകത്തിലെ അനുഷ്ഠാനകലാപാരമ്പര്യത്തെക്കുറിച്ച് ധാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയതുവരെ സവാല്‍ഗി മഠമായിരുന്നു കമ്പാറിന്റെ ആശ്രയം. അദ്ദേഹത്തിന്റെ രചനകളിലൊക്കെ മഠവും സ്വാമിയും അനുഗ്രഹം തൂകി നില്‍ക്കുന്നുണ്ട്.
2010-ല്‍ ജ്ഞാനപീഠപുരസ്കാരം ഏറ്റുവാങ്ങാന്‍ കമ്പാര്‍ പോകുമ്പോള്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ അകമ്പടിക്കാരനായി. കര്‍ണാടകത്തില്‍ ആഴ്ചകള്‍ നീണ്ട ആഘോഷമായിരുന്നു. കമ്പാറിന്റെ രചനകളെല്ലാം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സ്കൂള്‍, കോളേജ് ലൈബ്രറികളിലും അവ നിര്‍ബന്ധമാക്കി. കമ്പാറിന്റെ നാടകങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നാടകോത്സവങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ചു. ആചാരാനുഷ്ഠാനങ്ങളെ, നാടോടിക്കലകളെ സാഹിത്യത്തിലും നാടകത്തിലും ആവിഷ്കരിച്ച കമ്പാറായിരുന്നു ഹമ്പിയിലെ കന്നട സര്‍വകലാശാലയുടെ സ്ഥാപക വിസിയായി നിയമിക്കപ്പെട്ടത്.
ചന്ദ്രശേഖരകമ്പാര്‍ ബിജെപിക്കാരനായ സദാനന്ദഗൗഡയ്ക്ക് പ്രിയങ്കരനായത് സാംസ്കാരിക ദേശീയതയുടെ എഴുത്തുകാരനായതുകൊണ്ടാണ്. കേരളത്തില്‍ തപസ്യ കലാസാഹിത്യവേദിയുടെ വേദികളില്‍ അഭിമാനത്തോടെ കമ്പാര്‍ പങ്കെടുത്തു. കേന്ദ്രസാഹിത്യ അക്കാദമിയില്‍ അട്ടിപ്പേറ് കിടന്ന് ക്ഷുദ്രരാഷ്ട്രീയം ഛര്ദിച്ചിരുന്ന സച്ചിദാനന്ദന്മാരുടെ വാഴ്ച അവസാനിക്കുന്നു എന്നത് മാത്രമല്ല കമ്പാറിന്റെ കടന്നുവരവിനെ പ്രസക്തമാക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒരു കൂട്ടം ഇടത് സാഹിത്യകാരന്മാര് അദ്ദേഹത്തെ പുരോഗമനപക്ഷമെന്ന് അംഗീകരിക്കാന്‍ തയ്യാറായി എന്നതുകൂടിയാണ്. കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടല്ലോ മാര്‍ക്സിസ്റ്റ് മലയാളീസിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: