കാക്കനാട്: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളില്‍ തൃക്കാക്കര നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. ഏഴ് ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങല്‍ പിടികൂടി. എന്നാല്‍ നഗരത്തിലെ വന്‍കിടഹോട്ടലുകളുടെ പേരുകള്‍ വെളിപ്പെടുത്താത്ത നഗരസഭ അധികൃതരുടെ നടപടി വിവാദമായി.
ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ പിടികൂടിയ ഭക്ഷണാവശിഷ്ടങ്ങള്‍ ഉച്ചയ്ക്ക് ശേഷം നഗരസഭ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഹോട്ടലുകളുടെ പേര് എഴുതിയില്ലെന്നാണ് ജനപ്രതിനിധികളുടെ ആരോപണം. ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ഹോട്ടലുകളുടെ പേരും വൈകിട്ട് അഞ്ചിന് ഓഫീസ് സമയം അവസാനിക്കുന്നത് വരെ പ്രദര്‍ശിപ്പിക്കണമെന്നാണ് മുനിസിപ്പല്‍ നിയമം അനുശാസിക്കുന്നത്. എന്നാല്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഭക്ഷണാവശിഷ്ടത്തോടൊപ്പം ഹോട്ടലുകളുടെ പേര് പ്രദര്‍ശിപ്പിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ വൈകിട്ട് നാലോടെയാണ് ഏതാനും ഹോട്ടലുകളുടെ പേര് മാത്രം എഴുതിവെച്ചത് അഞ്ച് മണിയോടെ ഭക്ഷണാവശിഷ്ടങ്ങള്‍ മാറ്റുകയും ചെയ്തു.
കാക്കനാട് പ്രദേശത്തെ വന്‍കിട ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍ പിടിച്ചെടുത്തത്. പിടിയിലായ ചില ഹോട്ടലുകള്‍ വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇന്‍ഡ്യന്‍ കോഫി ഹൗസ്, ജില്ലാ സഹകരണബാങ്ക് കാന്റീന്, ഹോട്ടല്‍ അളകാപുരി, ഹോട്ടല്‍ ആനന്ദ്, നിറവ്, മലപ്പുറം കുഴമന്തി, ഹോട്ടല്‍ അജ്മ എന്നിവയാണ് പരിശോധനയില്‍ പിടിയിലായത്. സഹകരണ ബാങ്ക് കാന്റീനില്‍ വാഷ്ബേസിനിലായിരുന്നു ചിക്കന്‍ സൂക്ഷിച്ചിരുന്നത്. കരിഓയിലിന്റെ നിറമുള്ള എണ്ണ, പഴകിയ ബിരിയാണി, ചിക്കന്‍, പച്ചക്കറി, പൊറോട്ട മാവ്, നിരോധിത പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് പിടികൂടിയത്. വ്യത്തിഹീനമായ സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ നോട്ടീസ് നല്കി.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മുപ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലായിരുന്നു നഗരസഭ അധികൃതര്‍ പരിശോധനക്കിറങ്ങിയത്. വാഴക്കാല അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഗ്രില്‍ഡ് ചിക്കനും ഷവര്‍മയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ വാഴക്കാല യാസിന് ഹോട്ടല്‍ പിന്നീട് അടച്ചു പൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: