കട്ടപ്പന: ജാതിക്കാ വില താഴേക്ക്, പ്രതിസന്ധിയിലായി കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജാതിക്കായുടെ വില കുത്തനെ ഇടിഞ്ഞത് ഈ മേഖലയിലെ ആയിരക്കണക്കിന് വരുന്ന കര്‍ഷകരെ വലക്കുകയാണ്.
ജാതിക്കായ്ക്ക് 200, പത്രിക്ക് 900 രൂപയുമാണ് ഇപ്പോഴത്തെ വില. ഈ വിലയ്ക്ക് കൃഷി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കിലോയ്ക്ക് 900 രൂപ ഉണ്ടായിരുന്ന പരിപ്പ് 400 രൂപയിലെത്തി. തൊണ്ടോട് കൂടിയതിന്റെ വില ഇരുന്നൂറിലേയ്ക്ക് താഴ്ന്നു. 1800 രൂപയുണ്ടായിരുന്ന പത്രിയുടെ വില ഇപ്പോള്‍ 900 ആയി. കേരളത്തില്‍ നിന്നുള്ള ജാതിക്കായ്ക്ക് ഉത്തരേന്ത്യയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് വിലയിടിവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങള്‍ ഇക്കുറി ജാതിത്തോട്ടങ്ങളില്‍ ബാധിച്ചിട്ടുണ്ട്. കാലം തെറ്റി പെയ്ത മഴയും ചീയല്‍ രോഗം ബാധിച്ചതും ഉത്പാദനത്തില്‍ ഇടിവുണ്ടാക്കി. വിളവ് കുറയുമ്പോള്‍ വിലയില്‍ വര്‍ദ്ധനയുണ്ടാകുന്നത് പതിവാണ്. എന്നാല്‍, ഇക്കുറി ആ പതിവും തെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: