തൃശൂര്‍: ആഭരണ വിപണിയില്‍ വലിയമാറ്റങ്ങള്‍ക്ക് വഴിതുറന്ന് വെള്ളി ആഭരണങ്ങളുടെ വ്യാപാരം കുതിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വെള്ളി ആഭരണങ്ങള്‍ക്ക് വലിയ പ്രചാരമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ധാരാളം ഉണ്ടെങ്കിലും ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. സംസ്ഥാനത്ത് വെള്ളിആഭരണ നിര്മ്മാണതൊഴിലാളികള് ഏറെയുള്ള ജില്ലയാണ് തൃശൂര്‍. ജില്ലയിലെ പരമ്പരാഗത ആഭരണനിര്‍മ്മാണ താഴിലാളികളുടെ ജീവിതം ഇപ്പോഴും വെള്ളിവെളിച്ചം ഇല്ലാതെ ദുരിതപൂര്‍ണ്ണമായി മുന്നോട്ട് പോകുകയാണ്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് യന്ത്രത്തില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വലിയതോതില്‍ കമ്പോളത്തില്‍ എത്തിയതും അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനയുമാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് പരമ്പരാഗത തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ആഭരണ നിര്‍മ്മാണം ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടിപ്പോയവരും നിരവധിയാണ്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും നടക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംഘങ്ങള്‍ രൂപീകരിച്ച് നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് ആഭരണ നിര്‍മ്മാണം നടത്താന്‍ തയ്യാറാവണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ മുഖവിലക്കു പോലും എടുക്കാന്‍ തയ്യാറായിട്ടില്ല. സംഘങ്ങള്‍ രൂപീകരിച്ചാല്‍ പരമ്പരാഗത ആഭരണ നിര്‍മ്മാതാക്കളുടെ തൊഴില്‍ പ്രതിസന്ധിയും പരിഹരിക്കാന്‍ സാധിക്കും.
മുമ്പ് വെള്ളി ആഭരണങ്ങള്‍ക്ക് നിരവധി ആവശ്യക്കാര്‍ കടകളില്‍ എത്തിയിരുന്നതാണ്. ഉപഭോക്താവ് പറയുന്ന രീതിയില്‍ നിര്‍മ്മിച്ച് കൊടുക്കുന്നതായിരുന്നു പതിവ്. അരഞ്ഞാണമാണെങ്കില് ദിവസം രണ്ടെണ്ണം വീതവും, മറ്റ് ആഭരണങ്ങളാണെങ്കില്‍ ഒരെണ്ണവുമാണ് ഒരുദിവസം തൊഴിലാളികള്‍ നിര്‍മ്മിച്ചിരുന്നത്. വളരെ സൂഷ്മതയോടെ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ ഗുണനിലവാരത്തിലും മുന്നിലായിരുന്നു. ഇപ്പോള്‍ വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ പോലും വെള്ളി ആഭരണങ്ങള്‍ക്കായി ജ്വല്ലറികളില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെപരമ്പരാഗത തൊഴിലാളികള്‍ പ്രതിസന്ധിയിലാത്. വിലക്കുറവുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്നതാണ് ഇവരുടെ തന്ത്രമെന്നും പരമ്പരാഗത തൊഴിലാളികള്‍ പറഞ്ഞു.
വെള്ളിയോട് പ്രിയം
ന്യുജന്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണത്തേക്കാള്‍ പ്രിയം വെള്ളി ആഭരണങ്ങളോടാണ്. വാങ്ങുന്നത് സ്വര്ണ്ണമാണെങ്കില് വിപണിയില്‍ മാറിവരുന്ന ട്രെന്റിന് അനുസരിച്ച് മാറിവാങ്ങുക പ്രായോഗികമല്ല. മറിച്ച് വെള്ളിയാണെങ്കില്‍ വിപണിയില്‍ എത്തുന്ന മുറക്ക് സ്വന്തമാക്കാം. കൊലുസ്, അരഞ്ഞാണം എന്നിവയായിരുന്നു മുമ്പ് അണിഞ്ഞിരുന്നത്. ഇപ്പോള്‍ മാല, കമ്മല്‍, ജിമിക്കി തുടങ്ങി എല്ലായിനങ്ങളിലും വെള്ളിയ്ക്ക് പ്രമുഖസ്ഥാനമാണ്. സ്വര്‍ണത്തിന് വില കുതിച്ചു കയറിയതോടെ സ്വര്‍ണം പൂശിയ വെള്ളി ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: