ന്യൂദൽഹി: മഹാരാഷ്ട്ര സ്വദേശിനി റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ശ്രീനഗറിലെ മൈതാനത്ത് ചാവേറായി പൊട്ടിത്തെറിക്കുവാൻ ഒരുങ്ങുന്നതായി പോലീസ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ യെർവാഡ് സ്വദേശിനിയായ 19കാരി ഇതിന് തയ്യാറെടുക്കുന്നതിനായി കശ്മീരിലെത്തിയെന്ന് സംസ്ഥാന ഐജി മുനീർ ഖാൻ വ്യക്തമാക്കി. ഇന്റലിജൻസിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതായി ഐജി സൂചിപ്പിച്ചു.
പരേഡ് നടക്കുന്ന പ്രദേശത്തിനു സമീപം ചാവേർ സ്ഫോടനം നടത്താനാണ് ഭീകര സംഘടനകൾ പദ്ധതിയിടുന്നത്. ഇതിനായി സ്ത്രീകളെ രംഗത്തിറക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേ സമയം പരേഡ് നടക്കുന്ന പ്രദേശങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളെ കർക്കശമായ ദേഹ പരിശോധനകൾക്ക് ശേഷം മാത്രമെ മൈതാനത്തിലേക്ക് കടത്തുകയേയുള്ളുവെന്ന് ഐജി പറഞ്ഞു.
നേരത്തെ താഴ്വരയിലെ ബക്ഷി മൈതാനത്താണ് പരേഡ് നടത്താൻ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശ്രീനഗറിലുള്ള ചർച്ച് ലൈനിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
താഴ്വരയിൽ അടുത്തിടെ നടക്കുന്ന ഭീകരാക്രമണങ്ങൾ സുരക്ഷാ സേനയ്ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ജെയ്ഷ ഇ മുഹമ്മദ് ഭീകരരാണ് സംസ്ഥാനത്ത് ഐഇഡി സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളും വ്യാപകമായി നടത്തുന്നതെന്ന് ഐജി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: