വണ്ടിത്തിരക്കില് ഇപ്പോഴും കൊച്ചി ശ്വാസംമുട്ടുകയാണ്. കൊച്ചിയെന്നാല്‍ വാഹനത്തടസം എന്നുവരെ പേരായിട്ടുണ്ട്. കൊച്ചിയിലേക്കു വരുന്നവരെ നിരാശപ്പെടുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്, കൊതുകും നിരങ്ങി നീങ്ങുന്ന വാഹനങ്ങളും. കൊച്ചി മെട്രോ ആണെന്നു പറയുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒച്ചിഴയുംപോലെയാണ് കൊച്ചി എന്നുതന്നെയാണ് അനുഭവം.
കഴിഞ്ഞ ദിവസം സിപിഎം സമ്മേളനത്തിന്റെ തിരക്കില്‍ എട്ടുമണിക്കൂര്‍വരെയാണ് ഗതാഗത തടസം ഉണ്ടായത്. ചെറിയൊരു ആള്‍ക്കൂട്ട പരിപാടിയുണ്ടായാല്പ്പോലും കൊച്ചി സ്തംഭിക്കുന്ന അവസ്ഥ. പ്രത്യേകിച്ചും വാഹനക്കാര്യത്തില്. എത്രതന്നെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയാലും യാത്ര വലിയ നരകമായി മാറുകയാണ് കൊച്ചി. വാഹനപ്പെരുപ്പം ഉണ്ടാകുന്നതിനനുസരിച്ച് അതിനുള്ള നിരത്തോ മറ്റു വഴിസംവിധാനങ്ങളോ കൊച്ചിയില്‍ ഉണ്ടാകുന്നില്ല. ഉള്ള നിരത്തുകളുടെ വീതിപോലും കടക്കമ്പോളങ്ങളുടെ കൈയേറ്റത്തില്‍ ചിടയിടങ്ങളില് ചുരുങ്ങുന്ന ഗതികേടും. സൗകര്യം കിട്ടായാല്‍ ചീറിപ്പായുന്ന പേടിപ്പെടുത്തല്‍ വേറേയും. അതിനു പിന്നാലെ അപകടങ്ങളും കുണ്ടുംകുഴിയും വെള്ളക്കട്ടുമുള്ള പഴയ സ്വഭാവം തന്നെയാണ് ഇന്നും കൊച്ചിയുടെ നിരത്തുകള്‍. ഒന്നും കാലത്തിനനുസരിച്ച് നിലവാരമില്ലാത്തതും നിയമപരമായി പരിഷ്ക്കരിക്കാത്തതും പ്രശ്നമാണ്. കൊച്ചിയില്‍ ഏറെയും അനധികൃതവും അരുതായ്മകളുമാണ്. അത് തൊട്ടതിനും പിടിച്ചതിനുമുണ്ട്്.
വിവിധ സൗകര്യങ്ങളും എളുപ്പങ്ങളുമായിട്ടാവും മെട്രോ പായുന്നതെന്നായിരുന്നു കണക്കുകൂട്ടലുകള്‍. അതില്‍ പ്രധാനം നഗരത്തിലെ തിരക്കുകുറയുമെന്നും വഴിയില്കിടന്നു നരകിക്കേണ്ടി വരില്ലെന്നുമൊക്കെയായിരുന്നു. അതെല്ലാം തെറ്റി അങ്ങനെയൊരു ട്രെയിന്‍ ഉണ്ടെന്നുപോലും ജനം ഓര്‍ക്കാതെയായി. തുടക്കത്തില്‍ തിരക്കിന്റെ യാത്രയായിരുന്നു. പ്രതീക്ഷിച്ചതിലും വന്‍ വരുമാനമാണ് ആദ്യമാസത്തില്‍ കിട്ടിയതും. അത് ആരംഭകൗതുകമായിരുന്നു. ഇപ്പോള്‍ മെട്രോ കിതയ്ക്കുകയാണ്. നടു നിവര്‍ത്താന്‍ നിത്യവും സര്‍ക്കാര്‍ ചെലവിനുകൊടുക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ മെട്രോ പരാജയമാണെന്ന് തീരുമാനിക്കാറായിട്ടില്ല. പാത നീട്ടുകയും അനുബന്ധസൗകര്യങ്ങള്‍ വരികയും ചെയ്യുമ്പോള്‍ നില മാറിയെന്നുവരും .മെട്രോനുപകരം പണ്ടേ മേല്‍പ്പാലങ്ങള്‍ വരേണ്ടതായിരുന്നുവെന്നു പറയുന്നവരാണ് അധികവും.
വികസനത്തിന്റെ വഴിയല്ല വഴിമുട്ടിയ വികസനമാണ് കൊച്ചിയുടെ പ്രശ്നം. കൊച്ചിയുടെ വികസന പരിപ്രേക്ഷ്യം എന്തെന്ന് ഇന്നും നമ്മുടെ അധികൃതര്‍ക്കറിയില്ല. വഴിയും വിളക്കും വെള്ളവുമാണ് വികസനത്തിന്റെ ആരംഭമെന്നു പറഞ്ഞത് സഹോദരന് അയ്യപ്പനാണ്. അതു വേണ്ടും വിധം നടപ്പാകാത്തതാണ് കൊച്ചിയുടെ പ്രശ്നവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: