അനാദികാലം മുതല്‍ ശൈവചൈതന്യത്താല്‍ അനുഗ്രഹീതമാണ് തളി ഗ്രാമം. തൃശൂര്‍ ജില്ലയിലുള്ള വരവൂര്‍ പഞ്ചായത്തിലെ ഈ ദേശം ഇന്ന് അറിയപ്പെടുന്നതാവട്ടെ ശിവലിംഗങ്ങളുടെ നാട് എന്ന പേരിലും. ശിവാരാധന നടത്തുന്ന ഭക്തന്റെ മനോവൃത്തിയെ ശിവാനന്ദലഹരിയില്‍ ശങ്കരാചാര്യര്‍ ഉപമിക്കുന്നത്- വള്ളിച്ചെടി മരത്തില്‍ ചുറ്റിപ്പിടിച്ച് വളരുന്നതിനോടാണ്. നൂറോളം വര്‍ഷമായി ശിവരാത്രി ദിനത്തില്‍പ്പോലും ധാരകിട്ടാതെ കിടക്കുന്ന നിരവധി ശിവലിംഗങ്ങള്‍ തളി ഗ്രാമത്തിലെ പാടങ്ങളിലും വരമ്പുകളിലും മുളങ്കൂട്ടത്തിലുമായി ഇന്നും കിടക്കുന്നുണ്ട്. മതാന്ധതയുടെ വാള്‍തലപ്പില്‍ തകര്‍ന്നുപോയ ശിവലിംഗങ്ങളുടെയും ക്ഷേത്രാവശിഷ്ടങ്ങളുടെയും ദുരിതഭൂമിയാണ് ഇന്ന് ഈ ഗ്രാമം.
ശിവലിംഗങ്ങളുടെ നാട്
ലോകപ്രസിദ്ധമായ ശൈവപാരമ്പര്യത്തിന്റെ ശക്തമായ സാന്നിധ്യം നിലനിന്നിരുന്ന പ്രദേശമത്രെ തളി. ചേരസാമ്രാജ്യത്തിന്റെ ഭരണകേന്ദ്രമായിരുന്നു തളി. കൊടുങ്ങല്ലൂരിന് തുല്യമായ പ്രാധാന്യം തളിക്കും ഉള്ളതായി പല ചരിത്രകാരന്മാരും സുചിപ്പിച്ചിട്ടുണ്ട്. ഭാരതപ്പുഴയ്ക്ക് സമീപത്ത് നിലനിന്നിരുന്ന വലിയ ഒരു ജനപഥത്തിന്റെ നിയന്ത്രണം തളി കേന്ദ്രീകരിച്ചായിരുന്നു എന്ന് അനുമാനിക്കാവുന്ന പല രേഖകളും ലഭിച്ചിട്ടുമുണ്ട്.
ഭരണകൂടത്തിന്റെ ഭാഗമായിരുന്ന കച്ചേരി കെട്ടിടവും യുദ്ധം നടന്നു എന്ന് വിശ്വസിക്കുന്ന തച്ച്കുന്നും കുതിരക്കുളവും പാപ്പാന്‍തോടും, രാമന്‍ചിറ, മഞ്ഞച്ചിറ, ചേലൂര്‍ ചിറ, അരാകുളം തുടങ്ങിയ വലിയ ജലസംഭരണികളും തോടുകളും കൃഷിയിടങ്ങളും എല്ലാം നിര്‍മ്മിക്കപ്പെട്ടത് ആ കാലഘട്ടത്തിലാണ് എന്ന് വ്യക്തമാണ്. ചേരമാന്‍ പെരുമാള്‍ കുളിച്ച് തൊഴുതിരുന്ന 108 ശിവാലയങ്ങള്‍ ഉണ്ടായിരുന്നു ഈ ഗ്രാമത്തില്‍ എന്ന് വിശ്വാസം. ഭരണസിരാകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളും ഭരണം ഇല്ലാതായതോടെ നാശോന്മുഖമായി എന്നാണ് ചരിത്രസൂചനകള്‍.
കാല്‍നൂറ്റാണ്ട് മുമ്പ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് തളി സെന്ററില്‍ മണ്‍കൂനയ്ക്ക് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ”ശിവലിംഗ” (തടിയന് തേവര്)ത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചു. അത് അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ക്ഷേത്രങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് പലതരത്തിലുള്ള വിശ്വാസങ്ങള്‍ ഭക്തര്‍ക്കിടയിലുണ്ട്. അതിന് ഏറ്റവും പ്രബലമായത് ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ന്നു എന്നതാണ്. ”മതരാജ്യസ്ഥാപനത്തിന്റെ കുളമ്പടികള്‍ ഈ ശിവാലയങ്ങളുടെ മകുടങ്ങള്‍ തകര്‍ക്കാന്‍ കാരണമായി. സമ്പത്തിന്റെ കേന്ദ്രങ്ങളായ ഈ ശിവാലയങ്ങള്‍ കൊള്ള ചെയ്ത ടിപ്പു ഇവിടെയെത്തിയത് ഗുരുവായൂര്‍ പോകുന്ന വഴിയെയാണ്.” ടിപ്പു തകര്‍ക്കാത്ത ഒരേയൊരു ക്ഷേത്രമേ ഉള്ളൂ ഈ ഗ്രാമത്തില്‍. അത് നെടുമ്പയൂര്‍ ശ്രീ മഹാദേവക്ഷേത്രം. ഈ ക്ഷേത്ര ശ്രീകോവിലിന് മൂന്നുനില കെട്ടിടത്തിന്റെ ഉയരമുണ്ട്. കുലശേഖര രാജാക്കന്മാരാല് നിര്‍മ്മിക്കപ്പെട്ട ഈ ശ്രീകോവില്‍ കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുകളില്‍ ഒന്നാണ്. ചതുരാകൃതിയിലുള്ള ഈ ക്ഷേത്രവും ചുറ്റമ്പലവും ടിപ്പു തകര്‍ക്കാത്തതിന്റെ കാരണം ഇത് മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ചെറുതാണ് എന്നതായിരുന്നു. ഈ ക്ഷേത്രത്തിലെ വട്ടെഴുത്തുകളെക്കുറിച്ച് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് പഠനം നടത്തിയിട്ടുണ്ട്. ഇന്ന് ഈ ക്ഷേത്രം ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ സംരക്ഷിത സ്മാരകമാണ്.
പണ്ട് ”ചീനക്കര” എന്നാണ് ഈ പ്രദേശം അറിഞ്ഞിരുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായിരുന്ന ഗ്രാമം ഇന്ന് ക്ഷേത്രാവശിഷ്ടങ്ങളുടെ ശവപ്പറമ്പാണ്. ടിപ്പുവിന്റെ വാള്‍തലപ്പിന്റെ മിന്നലില്‍ അറ്റുപോയ ഒരു സംസ്കാരമാണിന്ന് അതിജീവനത്തിന്റെ പാതയില്‍. ചരിത്രലോകം തളിയുടെ ചരിത്രത്തെക്കുറിച്ച് ഗഹനമായ ഒരു പഠനം നടത്തിയിട്ടില്ല. ഇതിനെക്കുറിച്ച് എം.ജി.എസ്. നാരായണന്, ഡോ. ശശിഭൂഷണ്‍ എന്നിവര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 1950 കള്‍ക്ക് ശേഷം വ്യാപകമായ രീതിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ എടുത്ത് മാറ്റപ്പെട്ടു. ഒരു കാലഘട്ടത്തില്‍ ഏകദേശം ഇരുപത്തഞ്ചോളം ശിവക്ഷേത്രാവശിഷ്ടങ്ങള്‍ തളിക്ക് ചുറ്റും മൂന്ന് കിലോമീറ്ററിനുള്ളില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1921 ലെ മലബാര്‍ ലഹളയ്ക്ക് ശേഷം ഈ പ്രദേശത്ത് മുസ്ലീം മതവിഭാഗത്തിന്റെ കുടിയേറ്റമുണ്ടായി. പിന്നീട് 1950-തോടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി തളി. ക്ഷേത്രാവിശിഷ്ടങ്ങള്‍ എടുത്തുമാറ്റി മഹാസൗധങ്ങളും ഓഡിറ്റോറിയങ്ങളും ഇവിടെ പുനര്‍നിര്‍മ്മിച്ചു.
എഡി 900-ാം ആണ്ടില്‍ കുലശേഖര സാമ്രാജ്യകാലത്തെ 14 നാടുകളില്‍ ഒന്നായിരുന്നു നെടുമ്പയൂര്‍ നാട്. ആ നാടിന്റെ അധിപനാണ് ഭരണ സിരാകേന്ദ്രമായിരുന്നു തളി ഗ്രാമത്തിലെ തിരുമതളിയപ്പന്‍ ക്ഷേത്രം എന്ന് ഇവിടെ നിന്നും ലഭിച്ച ചരിത്ര രേഖകള്‍ പറയുന്നു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിലെ വാതില്‍ മാടത്തില്‍ നിന്നും കുലശേഖര രാജാവ് കോതരവി (917-947) പിന്‍ഗാമി ഇന്ദു കോതയുടെയും ശിലാലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഘകാലഘട്ടം മുതല്‍ തളി ചരിത്രത്തിന്റെ ഭാഗമാണ്.
പിണ്ഡാലിക്കുന്ന് സമരമാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. തളി ഗ്രാമത്തിന്റെ ഉയരം കൂടിയ കുന്നായ പിണ്ഡാലിക്കുന്നിന് മുകളില്‍ നിലനിന്നിരുന്ന സുബ്രഹ്മണ്യന് ക്ഷേത്രം തകര്‍ക്കപ്പെട്ടിരുന്നു. പിന്നീട് കയ്യേറ്റക്കാരുടെ കൈകളിലേക്ക് വഴിമാറ്റപ്പെട്ട പിണ്ഡാലിക്കുന്ന് റബര്‍ എസ്റ്റേറ്റായി മാറ്റപ്പെട്ടു. ക്ഷേത്രം പൊളിച്ച് അവിടെ ഉണ്ടായിരുന്ന കിണറ്റില്‍ തള്ളി. ചേരസാമ്രാജ്യത്തിന്റെ സൈനികകേന്ദ്രമായിരുന്നു പിണ്ഡാലിക്കുന്ന് എന്നാണ് ചരിത്രം. 1990 കളില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ഭക്തജനങ്ങള്‍ തയ്യാറായപ്പോള്‍ കയ്യേറ്റ മാഫിയ ശക്തമായ ആക്രമണം നടത്തി. പിന്നീട് നടന്ന ഐതിഹാസികമായ പോരാട്ടത്തിലൂടെ ക്ഷേത്രഭൂമി വീണ്ടെടുത്തു. മുഴുവന്‍ ഹിന്ദുസമാജവും ഒന്നായി നിന്ന് ക്ഷേത്ര വിമോചനത്തിനായി പോരാടി. ദിവസങ്ങളോളം ഭക്തജനങ്ങള്‍ പോലീസ് ലാത്തിച്ചാര്‍ജിന് വിധേയമായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് ജയിലിലടയ്ക്കപ്പെട്ടു. നീതിനിഷേധത്തിനെതിരെ നടന്ന പോരാട്ടം വിജയം കണ്ടു. കോടതിവിധിയിലൂടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുത്ത് ആ മലയ്ക്ക് മുകളില്‍ ക്ഷേത്രം നിര്‍മ്മിച്ചു. മലബാര്‍ പളനി എന്ന നാമത്തില്‍ പ്രസിദ്ധമാണ് ഈ പിണ്ഡാലിക്കുന്ന്.
പിലക്കാട് തേവര് ഇരുത്തിപറമ്പ് ക്ഷേത്രവും അന്ന് പൂര്‍ണമായും പുനരുദ്ധരിക്കപ്പെട്ടു. 1995 ല്‍ ഭക്തജനങ്ങളുടെ കൂട്ടായ്മ ക്ഷേത്രനിര്‍മ്മാണം തുടങ്ങി. തോട്ടുവക്കില്‍ ഉണ്ടായിരുന്ന ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചു. മഹാക്ഷേത്രമായി മാറ്റപ്പെട്ടു. മറ്റൊരു ക്ഷേത്രമാണ് 2016 പുനഃപ്രതിഷ്ഠ നടന്ന കീഴ്തളി മഹാദേവ ക്ഷേത്രം. മൃത്യുജ്ഞയ ജീവനകല കൊത്തിയ ശിവലിംഗമാണ് കീഴ്തളിയിലേത്. 20 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് കാലുകളില്‍ ആണ് ക്ഷേത്രം നിലനില്‍ക്കുന്നത്. ശിവതത്ത്വം ആലേഖനം ചെയ്ത 36 പടികള്‍ കയറിവേണം ക്ഷേത്രത്തില്‍ എത്താന്‍. കടുകശ്ശേരി മഹാദേവക്ഷേത്രവും എലവന്തിക്കല്‍ ശിവക്ഷേത്രവും പുനരുദ്ധാരണം കഴിഞ്ഞ് ഭക്തര്‍ക്കായി തുറന്നുകൊടുത്തു.
വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ശിവലിംഗങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കേന്ദ്രീകരിച്ച് മഹാശിവാലയ യാത്ര നടത്തുന്നു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യംവെച്ച് ഭക്തജന കൂട്ടായ്മ ഇന്ന് നിലവിലുണ്ട്. മതാന്ധതയുടെ കഴുകന്മാര് തകര്‍ത്ത മഹാശിവാലയങ്ങള്‍ ഇനിയും ഈ ഗ്രാമത്തില്‍ ഉയിര്ത്തെഴുന്നേല്ക്കാന് ബാക്കിയുണ്ട്. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ശിവലിംഗവും പൊട്ടക്കിണറുകളില്‍ മൂടപ്പെട്ടവയും പാടത്ത് കാടുമൂടിക്കിടക്കുന്ന ശിവചൈതന്യവും മുളങ്കാട്ടില്‍ വിശ്രമിക്കുന്ന തേവരും മോക്ഷംകാത്ത് കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: