തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചര്‍ച്ചയില്‍ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകള്‍ ചര്‍ച്ചയായി. രണ്ട് വര്‍ഷം കൊണ്ട് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. പത്തു ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷ.
പെന്‍ഷനും ഇന്‍ഷുറന്‍സ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികള്‍ മികച്ച നിക്ഷേപ അവസരമാണെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം. എബ്രഹാം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഇതില്‍ ചേരാന്‍ അവസരം നല്‍കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടു. ലാഭം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കിഫ്ബി നടപ്പാക്കണമെന്ന് ഡോ. ആസാദ് മൂപ്പന് നിര്‍ദേശിച്ചു. മികച്ച പദ്ധതികള്‍ അവതരിപ്പിച്ചാല്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ ഒരുക്കമാണെന്ന് ഗള്‍ഫാര്‍ മുഹമ്മദാലി പറഞ്ഞു.
പണം വികസന ആവശ്യത്തിന് ചെലവ് ചെയ്യുമ്പോള്‍ സര്‍ക്കാരിന് ബാധ്യത കൂടുമെന്നും അത് പരിഹരിക്കാന്‍ പ്രവാസികള്‍ നിക്ഷേപം നടത്തണമെന്നും മുന്‍ ധനകാര്യമന്ത്രി കെ.എം. മാണി അഭ്യര്‍ത്ഥിച്ചു.
പ്രവാസി സമൂഹം ആവശ്യപ്പെട്ടാല്‍ അവര്‍ക്കായി പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. എംഎല്‍എമാരായ സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, വി.ഡി. സതീശന്, സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീത ഗോപിനാഥ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ രാമചന്ദ്രന്, കമല വര്‍ധന റാവു, ഡോ. ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: