തിരുവനന്തപുരം: ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു. നിയമസഭാ മന്ദിരത്തില്‍ പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30ന് ആരംഭിച്ചു. സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി.
തുടര്‍ന്ന് അദ്ദേഹം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭാ നടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാ നേതാവ്, ഉപനേതാവ് എന്നിവരോട് കൂടിയാലോചന നടത്തി പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ആന്റോ ആന്റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധന്, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു.
കേരളം ലോകത്തിന് നല്കിയ പല മാതൃകകളില്‍ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു ലോക കേരള സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി സഭ മുമ്പാകെ അവതരിപ്പിച്ചു. സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍ നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടു പ്രവാസികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും നൈപുണ്യവും വൈദഗ്ധ്യവും കേരളത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയണം. കേരളത്തിന്റെ വികസനപ്രക്രിയയില്‍ കാര്യമായ പങ്കുവഹിക്കാന്‍ പ്രവാസി സമൂഹത്തിനു സാധ്യമാകുന്ന അന്തരീക്ഷമുണ്ടാവണം. ഇത്തരം ഒരു കൊടുക്കല്‍ വാങ്ങലിന്റെ പാലം കേരളത്തില്‍ കഴിയുന്ന സമൂഹത്തിനും കേരളത്തിനു പുറത്തുള്ള കേരളീയ പ്രവാസി സമൂഹത്തിനും ഇടയില്‍ ഉണ്ടായാല്‍ അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണു ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ കുര്യന്, മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോന്, ആസാദ് മൂപ്പന്, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: