(പ്രശ്നോപനിഷത്ത്) രണ്ടാം പ്രശ്നം
പ്രാണന്റെ പ്രജാപതിത്വവും അത്താവാണെന്ന അവസ്ഥയും ശരീരത്തില്‍തന്നെ ഉണ്ടെന്ന് നിശ്ചയിക്കുന്നതിനായി രണ്ടാം പ്രശ്നം തുടങ്ങുന്നു. വിദര്‍ഭദേശക്കാരനായ ഭാര്‍ഗ്ഗവന്റെ ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഇതില്‍.
അഥ ഹൈനം ഭാര്‍ഗ്ഗവോ വൈദഭിഃ പപ്രച്ഛ-
കത്യേവ ദേവാഃ പ്രജാം വിധാരയന്തേ?
കഅ ഏതത് പ്രകാശന്തേ? കഃ പുനരേഷാം വരിഷ്ഠ ഇതി?
പിന്നീട് വിദര്‍ഭദേശക്കാരനായ ഭാര്ഗ്ഗവന് ആചാര്യനോട് ചോദിച്ചു-ഭഗവാനേ, എത്ര ദേവന്മാരാണ് ശരീരരൂപമായ പ്രജയെ നിലനിര്‍ത്തുന്നത്? അവരില്‍ ആരൊക്കെയാണ് തങ്ങളുടെ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നത്? ഇവരില്‍ പ്രധാനപ്പെട്ടവന് ആരാണ്?
ഇവിടെ ദേവന്മാരെന്നാല് ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം. കാര്യകാരണസംഘാതമായ ശരീരമാകുന്ന പ്രജയെ നിലനിര്‍ത്തുന്ന ഇന്ദ്രിയങ്ങള്‍ ഏതാണ്? ജ്ഞാനേന്ദ്രിയങ്ങളെന്നും കര്‍മ്മേന്ദ്രിയങ്ങളെന്നും രണ്ടായിരിക്കുന്ന ഇവയില്‍ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നവരാണ്. ഏറ്റവും പ്രധാനപ്പെട്ടത് ഏത്? ഒന്നാം പ്രശ്നത്തില്‍ സൃഷ്ടിപ്രക്രിയയെ അധിദൈവ സ്വരൂപത്തേയും വിവരിച്ചു. അതിന്റെ അദ്ധ്യാത്മ സ്വഭാവമാണ് രണ്ടാം പ്രശ്നത്തില്‍. അധിദൈവത്തേയും അധ്യാത്മത്തെയും ഒന്നിച്ച് ചേര്‍ത്താകണം ഉപാസന. ആദ്യ പ്രശ്നത്തില്‍ ജപരൂപങ്ങളെ പറഞ്ഞു. ഇനി അതില്‍ പ്രകാശിക്കുന്ന ചൈതന്യത്തെ വ്യക്തമാക്കുന്നു. പഞ്ചമഹാഭൂതങ്ങള്‍ കാര്യരൂപത്തിലും ഇന്ദ്രിയങ്ങള്‍ കാരണരൂപത്തിലുമുള്ള ദേവന്മാരാണ്. ഇനി അത് പറയുന്നു-
തസ്മൈ സഹോവാച-ആകാശോ ഹവാ
ഏഷ ദേവോ വായുരഗ്നിരാപഃ പൃഥിവീ
വാങ് മനശ്ചക്ഷുഃ ശ്രോതംച തേ പ്രകാശാഭിവദന്തി
വയമേതദ്ബാണമവഷ്ടഭ്യ വിധാരയാമഃ
പിപ്പലാദമുനി ഭാര്ഗവനോട് പറഞ്ഞു. ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കണ്ണ്, കാത് എന്നിവരാണ് ദേവന്മാര്. അവരെല്ലാം തങ്ങളുടെ മാഹാത്മ്യത്തെ വെളിപ്പെടുത്തി ശ്രേഷ്ഠതയ്ക്കായി മത്സരിച്ച് പറയുന്നു. നമ്മളാണ് ശരീരത്തെ നശിച്ചുപോകാതെ നിലനിര്‍ത്തുന്നതെന്ന്.
ആകാശം മുതലായ പഞ്ചമഹാഭൂതങ്ങളും വാക്ക് തുടങ്ങിയ പഞ്ചജ്ഞാനേന്ദ്രിയങ്ങളും കണ്ണ് തുടങ്ങിയ പഞ്ചജ്ഞാനേന്ദ്രിയങ്ങളും മനസ്സും ആണ് ശരീരമാകുന്ന പ്രജയെ നിലനിര്‍ത്തുന്ന ദേവന്മാര്. ഇവരെല്ലാം അവരുടെ മാഹാത്മ്യത്തെ പ്രകാശിപ്പിച്ച് ഓരോരുത്തരും തന്റെ മിടുക്കുകൊണ്ടാണ് ശരീരം നില നില്‍ക്കുന്നതെന്ന് അവകാശപ്പെടുന്നു. കെട്ടിടത്തെ തൂണുകള്‍ താങ്ങിനിര്ത്തുംപോലെയാണിത്. ഓരോ ദേവനും താന്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠനെന്ന് കരുതി. പഞ്ചഭൂതങ്ങള്‍ മറ്റുള്ളവയ്ക്ക് കാരണമായതുകൊണ്ടാണ് അവയെ എല്ലാം പ്രത്യേകം പറഞ്ഞത്. ഈ ദേവന്മാരാണോ ശരിക്കും ശ്രേഷ്ഠര്‍?
താന്‍ വരിഷ്ഠഃ പ്രാണ ഉവാച
മാമോഹമാപദ്യഥാഹമേവൈതത് പഞ്ചധാത്മാനം
പ്രവിദജൈ്യതത് ബാണമവഷ്ടദ്യ വിധാരയാമീതി
തേളശ്രദ്ദധാനാ സഭുവുഃ
സ്വയം അഭിമാനിച്ചുകൊണ്ടിരുന്ന ദേവന്മാരോട് മുഖ്യനായ പ്രാണന് പറഞ്ഞു. ‘അവിവേകത്താല്‍ നിങ്ങള്‍ അഭിമാനിക്കാതിരിക്കൂ. ഞാന്‍ തന്നെയാണ് എന്നെത്തന്നെ അഞ്ചായി പകുത്ത് ശരീരത്തെ ഒരുമിച്ച് ചേര്‍ത്ത് നിലനിര്‍ത്തുന്നത്. എന്നാല്‍ പ്രാണന് പറഞ്ഞതിനെ ആ ദേവന്മാര് വിശ്വാസത്തിലെടുത്തില്ല.
ഇന്ദ്രിയങ്ങളും മനസ്സും ശ്രേഷ്ഠത കിട്ടാന്‍വേണ്ടി മത്സരിച്ചപ്പോഴാണ് മുഖ്യപ്രാണന് ഇടപെട്ടത്. ജീവശക്തിയെയാണ് മുഖ്യപ്രാണന് എന്നുപറഞ്ഞത്. അറിവില്ലായ്മകൊണ്ടാണ് നിങ്ങളുടെ മത്സരമെന്നും താന്‍ തന്നെയാണ് പഞ്ചപ്രാണനായി ശരീരത്തെ നിലനിര്‍ത്തുന്നതെന്നും പറഞ്ഞത് മറ്റുള്ളവര്‍ കണക്കിലെടുത്തില്ല. പ്രാണന് പറയുന്നത് എങ്ങനെ ശരിയാകും എന്ന് അവര്‍ വിചാരിച്ചു.
അപ്പോള്‍ എന്തുണ്ടായി?
സോളഭിമാനാദൂര്ദ്ധ്വമുത്ക്രാമന്ത ഇവ
തസ്മിന്നുത്ക്രാമത്യഥേതരസര്വ ഏവ
ഉത്ക്രാമന്ത, തസ്മിംശ്ച പ്രതിഷ്ഠമാനേ സര്‍വ്വ ഏവ
പ്രാതിഷ്യന്തേ തദ്യഥാ മക്ഷികാ മധുകര
രാജാനമുത്ക്രാമന്തം സര്‍വ്വാ ഏവേത് ക്രാമനോ
തസ്മിംശ്ച പ്രതിഷ്ഠമാനേ സര്‍വ്വ ഏവ പ്രതിഷ്ഠിത
ഏവം വാങ്മനശ്ചക്ഷുഃ ശ്രോത്രം ച തേ പ്രീതാഃ
പ്രാണ സ്തുത്വന്തി
താന്‍ പറയുന്നത് ഇന്ദ്രിയങ്ങളൊന്നും വിശ്വസിക്കുന്നില്ലെന്ന് തോന്നിയ പ്രാണന് കോപത്തോടെ ശരീരം വിട്ടുപോകാന്‍ തുടങ്ങി. അപ്പോള്‍ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും വിട്ടുപോകാന്‍ പറ്റില്ലെന്ന അവസ്ഥയായി. അതുകൊണ്ട് പ്രാണന് സ്വസ്ഥമായപ്പോള്‍ ഇന്ദ്രിയങ്ങളും തങ്ങളുടെ സ്ഥാനത്ത് ഇരുന്നു. തേനീച്ചകളുടെ രാജാവ്/റാണി കൂട്ടില്‍നിന്ന് പോകുമ്പോള്‍ തേനീച്ചകളെല്ലാം കൂടെ പോകുന്നതുപോലെയും രാജാവോ റാണിയോ കൂട്ടില്‍ ഉറച്ചിരിക്കുമ്പോള്‍ മറ്റുള്ള തേനീച്ചകളും കൂട്ടില്‍തന്നെ ഇരിക്കുന്നതുപോലെയാണിത്. അശ്രദ്ധ നീങ്ങിയപ്പോള്‍ പ്രാണന്റെ മാഹാത്മ്യമറിഞ്ഞ് സന്തുഷ്ടരായ വാക്കും മനസ്സും, കണ്ണും കാതും മറ്റിന്ദ്രിയങ്ങളും പ്രാണനെ സ്തുതിക്കുന്നു.
പ്രാണന്റെ സ്ഥിതിയാണ് ഇന്ദ്രിയങ്ങളുടെയും ശരീരത്തിന്റെയും നിലനില്‍പ്പിന് കാരണം. എല്ലാ കാരണങ്ങളും പ്രാണനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. പ്രാണനില്ലെങ്കില്‍ തങ്ങള്‍ക്കൊന്നും ശരീരത്തില്‍ നിലനില്ക്കാനാവില്ല എന്ന് ബോധ്യമായതോടെയാണ് അവ പ്രാണനെ സ്തുതിക്കുന്നത്. പ്രാണനുള്ള ശരീരത്തില്‍ മാത്രമേ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമൊക്കെ പ്രവര്‍ത്തിക്കാനാവൂ. മരിച്ച ഒരാളുടെ ശരീരത്തില്‍നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ എടുത്ത ഇന്ദ്രിയങ്ങളുള്പ്പെടെയുള്ള അവയവങ്ങള്‍ ജീവനുള്ള മറ്റൊരു ശരീരത്തില്‍ വച്ചാലെ പ്രവര്‍ത്തിപ്പിക്കാനാവൂ. പ്രാണന് ഉണ്ടായാലേ ഇവയ്ക്ക് നിലനില്ക്കാന് കഴിയൂ എന്ന് അറിയണം.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍. ഫോണ്‍: 9495746977)
ഉപനിഷത്തിലൂടെ, സ്വാമിധ്രുവചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: