തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ പരാതിയെത്തുടര്‍ന്ന് ആരോഗ്യ വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തി. രണ്ടാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ പി.മനോജിന്റെ ഭാര്യ രമ്യ(30)യും ഗര്‍ഭസ്ഥശിശുവും ഇക്കഴിഞ്ഞ ഡിസബര്‍ 26 ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പോലിസിലും ജനറല്‍ ആശുപത്രി സുപ്രണ്ടിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് വിഭാഗം രണ്ടിലെ ഡെപ്യൂട്ടി ഡിഎംഒ ഡോ.ആശയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, രമ്യയുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്നും മൊഴിയെടുത്തു.
പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ ര#ോാത്രിയിലുടനീളം വാട്ട്സ് ആപ്പില്‍ കളിക്കുകയായിരുന്നുവെന്നും ജീവനക്കാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സുമാരായ പി.ഷിജിന, സി.സിന്ധു എന്നിവരെ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. യുവതിയുടെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുക്കുകയും പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടയുകയും ചെയ്തിരുന്നു.
ഡിസംബര്‍ 21 നാണ് രമ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25ന് രാത്രി 9.30ന് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസവമുറിയിലേക്ക് മാറ്റി. എന്നാല്‍ പിറ്റേ ദിവസം പുലര്‍ച്ചെ മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. രാത്രി രണ്ട് മണി വരെ രമ്യ ആരോഗ്യവതിയായിരുന്നുവെന്നും ഇരുപത് മിനുറ്റിന് ശേഷം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് തലശ്ശേരി പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: