പുതുക്കാട്: തലോര്‍ തലവണിക്കരയില്‍ സഹോദരങ്ങളുടെ ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.
കഴിഞ്ഞദിവസം പ്രതികള്‍ കുഞ്ഞനംപാറ ഭാഗങ്ങളിലുണ്ടെന്നറിഞ്ഞ് പോലീസെത്തിയെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ പുതുക്കാട് പോലീസ് മൂന്ന് കേസുകളെടുത്തിട്ടുണ്ട്. ബൈക്കുകള്‍ തീവെച്ചതിനും അക്രമത്തിനുമാണ് കേസുകള്‍. തലവണിക്കര മുളയ്ക്കല്‍ ധനേഷ്, സുഹൃത്ത് അരുണ്‍, സമീപവാസിയായ കിഴക്കുമ്പ്രം ശരത്ത് എന്നിവരുടെ പരാതികളിലാണ് കേസുകളെടുത്തിരിക്കുന്നത്.
ക്ലബ്ബില്‍ ഫ്ളക്സ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സമീപവാസികള്‍ തമ്മില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനിന്നിരുന്നു. തര്‍ക്കം അടിപിടിയും വീടുകയറി അക്രമവുമായി. ഇരുകൂട്ടരും പരസ്പരം പരാതികള്‍ നല്‍കിയിട്ടുണ്ട്.
ഇതിനിടെ തിങ്കളാഴ്ച വെളുപ്പിനാണ് ബൈക്കുകള്‍ കത്തിച്ചത്. പ്രശ്നത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് വ്യാപകമായി തിരയുന്നുണ്ട്. പുതുക്കാട് സി.ഐ. എസ്.പി. സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: