കാട്ടിക്കുളം: വയനാട്ടിലെ ടുറിസംവികസനത്തിന് സിപിഎമ്മും സിപിഐയും തുരങ്കം വെക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ കുറ്റപ്പെടുത്തി.
കുറുവ ദ്വീപില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് നൂറുകണക്കിന് കുടുംബാംഗങ്ങളെയാണ് മാസങ്ങളായി ഇവര്‍ തെരുവില്‍ ആക്കിയത്. സിപിഐയുടെ കീഴിലുള്ള അഖിലേന്ത്യാ കിസാന്‍ സഭയാണ് രേഖാമൂലം ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് കുറുവ ദ്വീപ് അടച്ചുപൂട്ടണമെന്നാവശ്യപെട്ട് പരാതി നല്‍കിയത്. ടൂറിസംവകുപ്പ് ഭരിക്കുന്ന സിപിഎമ്മും വനം റവന്യൂ ഭരിക്കുന്ന സിപിഐ യും തമ്മിലുള്ള ശീതസമരമാണ് നൂറുകണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിയിട്ടതും ഗവണ്മെന്റിന് ലക്ഷകണക്കിന് രൂപ നഷ്ട്ടം വരുത്തിയതും. രണ്ടുലക്ഷത്തി എഴുപതിനായിരത്തോളം ടൂറിസ്റ്റുകള്‍ ഒരു സീസണില്‍ മാത്രം വന്നുപോകുന്ന കുറുവ ദ്വീപില്‍ നിന്നും കോടിക്കണക്കിനു രൂപയാണ് വരുമാനം ലഭിച്ചിരുന്നത്. കുറുവ ടൂറിസ്റ്റ് കേന്ദ്രത്തെ ആശ്രയിച്ചുജീവിക്കുന്നവരെയും കുടുംബശ്രീ അടക്കമുള്ളവര്‍ നടത്തിവന്ന ജീവിത സംരഭങ്ങളെല്ലാം അടച്ചുപൂട്ടിയിട്ട് മാസങ്ങളായി.
950 ഏക്കറോളം വരുന്ന കുറുവ ദ്വീപില്‍ അഞ്ച് ഏക്കറോളം മാത്രമാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. ആ പ്രദേശങ്ങളിലെ പ്രകൃതി സംരക്ഷകരായി 40ഓളം വിഎസ് എസ് ആയ ആദിവാസി വിഭാഗത്തില്‍ പെട്ടവരും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇവരുടെ വരുമാനസ്രോതസ്സാണ് ഇല്ലാതായത്.
ഭരണകക്ഷിയിലെ രണ്ട് പ്രധാനപാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്ന തെരുവ് യുദ്ധം വയനാടിന്റെ വികസനത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. സ്ഥലം എംഎ ല്‍എയും സിപി ഐ നേതാക്കളും ജനങ്ങളോട് മാപ്പുപറയണം. കുറുവ അടക്കമുള്ള ജില്ലയിലെ ടുറിസം മേഖലയെ സംരക്ഷിക്കുവാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. സജിശങ്കറിനൊപ്പം മണ്ഡലം പ്രസിഡണ്ട് കണ്ണന് കണിയാരം, ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ്, മനോജ് പാല്‍വെളിച്ചം, മനോജ് പിലാക്കാവ് എന്നിവര്‍ കുറുവ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: