മലപ്പുറം: തെരുവില്‍ അലയുന്ന കുട്ടികളെയും ബാലവേല, ബാല ഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെയും കണ്ടെത്തുന്നതിനും പുനഃരധിവസിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍-വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തുടനീളം വിപുലമായ കാമ്പയിന് സംഘടിപ്പിക്കുന്നു. ബാലനീതി നിയമം 2015 പ്രകാരം പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുകയും സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്യാംപെയിന്റെ ലക്ഷ്യം. 15 മുതല്‍ 27 വരെയുള്ള കാലയളവിലാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവുകള്‍ സംഘടിപ്പിക്കും. തെരുവില്‍ അലയുന്ന കുട്ടികളെയും ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും കണ്ടെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, ലേബര്‍ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, ബാല സംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിന്. കുട്ടികളെ വിഷമ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റില്‍ 0483 297888, 9895701222 ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: