കൊച്ചി: രാജ്യം അതിവേഗം ഡിജിറ്റല്‍ യുഗത്തിലേക്കു മാറുമ്പോഴുള്ള സൈബര്‍ സുരക്ഷക്ക് പരിഹാരം തേടണമെന്ന് ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് ജി. പത്മനാഭന്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും കേരള മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കേരള ഡിജിറ്റല്‍ ഉച്ചകോടി- 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ അപ്പാടെ മാറ്റിമറിച്ചു. ഡിജിറ്റല്‍ മേഖല വിപുലമായി. മൊബൈല്‍ ബാങ്കിങ് വളരുന്നു. ഡേറ്റ നിരക്ക് കുറയുന്നു. 460 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇപ്പോഴുള്ളത്. ഇവരില്‍ 80 ശതമാനവും മൈബൈല്‍ ഉപയോഗിക്കുന്നു. ബാങ്കുകള്‍ മാറ്റത്തിന്റെ പാതയിലാണ്. സംയോജിത സാമ്പത്തിക രീതിയിലേക്കു രാജ്യം മാറുമ്പോള്‍ സുതാര്യതയ്ക്കൊപ്പം സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഹാക്കര്‍മാരുടെ ഭീഷണി നേരിടാന്‍ സജ്ജരാകണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇ എക്സ്ചേഞ്ച് നോണ്‍-എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് വി. ജോര്‍ജ് ആന്റണി, കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്. മാധവ് ചന്ദ്രന്, ടിസിഎസ് ഹെഡ് ദിനേഷ് തമ്പി, ടൈ കേരള മുന്‍ പ്രസിഡന്റ് എസ്.ആര്. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ ടെക്നോളജി, ഡിജിറ്റല്‍ പേയ്മെന്റ്്സ്, കണ്ടെന്റ് മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഉച്ചകോടി പരിഗണിച്ചു. ബന്ധപ്പെട്ട വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അവയെപ്പറ്റി വിശദീകരിച്ചു. പാനല്‍ ചര്‍ച്ചകളും നടന്നു.
ഫെഡറല്‍ ബാങ്ക് ഐടി ഹെഡ് ജോണ്സണ് കെ. ജോസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് വിഭാഗം തലവന്‍ എ. സോണി, ഒഎല്‍എക്സ് ഇന്ത്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ശ്രേയാംശ് മോദി, ഡെയ്ലി ഹണ്ട് റിജ്യണല്‍ മോണിറ്റൈസേഷന് ഹെഡ് ആനന്ദ് ചാള്‍സ്, ഇന്‍ഫിബീം ഡോട്ട് കോം മാര്‍ക്കറ്റിങ് ഹെഡ് അദ്വിത് സഹദേവ്, വിവിധ മേഖലകളിലെ വിദഗ്ധരായ ഗോപ മേനോന്, നദീഷ് രാമചന്ദ്രന്, രാജേന്ദ്രന് ദണ്ഡപാണി, ജോസ് ബാബു, ടി.പി. പ്രതാപ്, കെ.എസ്. രാജശേഖര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: