മലപ്പുറം: ഗുരുദര്‍ശനങ്ങളെ വളച്ചൊടിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നതെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ശിവഗിരിയില്‍ ഗുരുപ്രതിഷ്ഠയുടെ കനക ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ദിവ്യജ്യോതി പ്രയാണത്തിന് മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകന്, സാമൂഹിക പരിഷ്കര്‍ത്താവ്, വിപ്ലവകാരി എന്നൊക്കെ ഗുരുവിനെ കുറിച്ച് പ്രസംഗിക്കുന്ന രാഷ്ട്രീയക്കാര്‍ അവരവരുടെ സിദ്ധാന്തങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്‍ക്കും അനുസരിച്ച് ഗുരുദര്‍ശനത്തെ ദുര്‍വ്യാഖ്യാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗുരുദര്‍ശനത്തെ സമുദായാംഗങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ ദിവ്യജ്യോതിയാത്രയ്ക്ക് സാധിക്കും. തുഷാര്‍ പറഞ്ഞു. പൊതുസമ്മേളനം എസ്എന്‍ഡിപി യൂണിയന് ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി ചെയര്മാന് ദാസന് കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ അഡ്വ.രാജന്, തിരൂര്‍ യൂണിയന് പ്രസിഡന്റ് കെ.ആര്.ബാലന്, പെരിന്തല്‍മണ്ണ യൂണിയന് പ്രസിഡന്റ് പാറക്കോട്ടില്‍ ഉണ്ണി, നിലമ്പൂര്‍ യൂണിയന് പ്രസിഡന്റ് വി.പി.സുബ്രഹ്മണ്യന്, മഞ്ചേരി യൂണിയന് പ്രസിഡന്റ് ചന്ദ്രന്, മലപ്പുറം യൂണിയന് പ്രസിഡന്റ് അയ്യപ്പന്, പെരിന്തല്‍മണ്ണ യൂണിയന് സെക്രട്ടറി പാമ്പലത്ത് മണി, നിലമ്പൂര്‍ യൂണിയന് സെക്രട്ടറി ഗിരീഷ് മേക്കാട്, മഞ്ചേരി യൂണിയന് സെക്രട്ടറി മധു ചെമ്പ്രമേല്‍, സ്വാഗതസംഘം ട്രഷറര്‍ നാരായണന് നല്ലാട്ട് എന്നിവര്‍ പങ്കെടുത്തു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുബ്രഹ്മണ്യന് ചുങ്കപ്പളളി, സ്വാഗതവും ജനറല്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് ചുങ്കപ്പളളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: