മഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ദിവസം മഞ്ചേരി എസ്ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡല്‍ഹി മെഹറോളിയില്‍ വെച്ച് അറസ്റ്റ് ചെയ്ത നൈജീരിയന്‍ സ്വദേശിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 27 വരെ റിമാന്റ് ചെയ്തു.
ഡല്‍ഹിയില്‍ താമസിച്ച് തട്ടിപ്പു നടത്തി വരികയായിരുന്ന ഇമ്മാനുവല്‍ ആര്‍ച്ചി ബോംഗാ (23)നെയാണ് മജിസ്ട്രേറ്റ് ഹരി ആര് ചന്ദ്രന് റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലേക്കയച്ചത്.
മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആപ്പിള്‍ ഐ ഫോണുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നുവെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ടാണ് പരാതിക്കാരന് പ്രതി വാട്സ്ആപ്പ് മുഖേന നല്കിയ ബാങ്ക് എക്കൗണ്ടില്‍ പണമടച്ചത്.
എന്നാല്‍ ഫോണ്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അറസ്റ്റിലായതോടെ സമാനമായ എട്ട് പരാതികള്‍ കൂടി ഇന്നലെ മഞ്ചേരി പോലീസില്‍ ലഭിച്ചിട്ടുണ്ട്. നൈജീരിയയില്‍ നിന്നെത്തി ഡല്‍ഹിയില്‍ താമസിച്ച് ഇത്തരത്തിലുള്ള തട്ടിപ്പു നടത്തുന്ന വന്‍സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: