ഉമ്മറത്തെ പല്ലുപോകും
ഉമ്മറത്തെ പല്ലുപോയാല്‍
തൊണ്ണനെന്ന പേരുവീഴും
തൊണ്ണനെന്ന പേരുവീണാല്‍
പെണ്ണുകിട്ടൂലാന്നേ….!
പൂരപ്പറമ്പുകളിലെ ചവിട്ടുകളി സമയത്ത് കളിക്കാര്‍ എതിരാളിയെ വെല്ലുവിളിച്ചുകൊണ്ട് പാടുന്ന ഈരടികളാണിത്. ഇത് കേരളത്തിലെ സാഹിത്യ-സാംസ്കാരിക നായകന്മാരോട് ഒരുവിഭാഗം സ്ഥിരമായി പാടുന്ന പാട്ടാണ്. ഉമ്മറത്തെ പല്ലിനു പകരം കൈപ്പത്തിയാകാം, ചിലപ്പോഴത് ഭീഷണിയാകാം, മറ്റുചിലപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള തെറിവിളിയും ആയിരിക്കും. അതെന്തുമാകട്ടെ, ഉമ്മറത്തെ പല്ലുപോയവനെ തൊണ്ണനെന്നു വിളിക്കുമെന്നും അത്തരം തൊണ്ണന്മാര്ക്ക് പെണ്ണു കിട്ടില്ലെന്നുമുള്ള അവസാന വരിയുണ്ടല്ലോ.., സശ്രദ്ധം മലയാളി മനസ്സിരുത്തി ചിന്തിക്കേണ്ട വസ്തുതകളിലൊന്നാണത്. പുരോഗമന-വിപ്ലവ പ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ ഈറ്റില്ലമെന്ന് അവര്‍തന്നെ വാഴ്ത്തുന്ന ഈ കേരളത്തില്‍ തൊണ്ണനെന്ന പേരുവീണാല്‍ പെണ്ണുകിട്ടില്ലെന്ന നാട്ടിന്‍പുറത്തെ ഈരടികളിലെ അതേ മാനസികാവസ്ഥയോടെ ജീവിക്കുന്ന സാഹിത്യ-സാംസ്കാരിക നായകന്മാര്ക്ക്, ചിലതിനെ മാത്രം എതിര്‍ക്കുന്നതോടെ അവരെ വേട്ടയാടുമെന്നും അത്തരം വേട്ടയാടല്‍ നേരിട്ടാല്‍ സ്വന്തം ഭാവി നശിക്കുമെന്നുമുള്ള ഭയം സൃഷ്ടിക്കപ്പെട്ടത് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടണം.
പെരുമാള്‍ മുരുകനു ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നാടാണ് നമ്മുടെ കേരളം. പെരുമാളിനു വേണ്ടി ആവിഷ്കരിക്കാര സ്വാതന്ത്ര്യവാദികള്‍ മുടിയഴിച്ചാടിയ ഊഷരഭൂമിയില്‍, ഉത്തരേന്ത്യയിലെ അക്രമങ്ങളെയും പ്രാദേശിക-ജാതി വിഷയങ്ങളേയും ഏറ്റെടുത്ത് സമരങ്ങളും സംവാദങ്ങളും നടത്തിയതിന്റെ പേരില്‍ ഊറ്റംകൊണ്ടവരുടെ നാട്ടില്‍. അങ്ങനെ സഹ്യന് അപ്പുറത്തെ ഏതു വിഷയത്തേയും ഏറ്റെടുക്കാന്‍ തയ്യാറായി സദാ സമരസജ്ജരായി വലിയൊരു വിഭാഗം ജീവിക്കുന്ന നാട്ടില്‍… കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന നാലു വ്യത്യസ്ത സംഭവങ്ങളോടുള്ള നേരത്തെ പറഞ്ഞ പ്രതിഷേധത്തൊഴിലാളികളുടെ സമീപനമാണ് ആശ്ചര്യകരമായി തോന്നിയത്.
മൂന്നു പെണ്‍കുട്ടികള്‍ സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തെ ജനശ്രദ്ധയിലെത്തിക്കാന്‍ ഫ്ലാഷ് മോബെന്ന നവീന നൃത്തശൈലി സ്വീകരിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളോടുള്ള പുരോഗമനവാദികളുടെ സമീപനം എന്തായിരുന്നുവെന്ന് നാം കണ്ടതാണല്ലൊ, ഏതു വസത്രം ധരിക്കണം, എങ്ങനെ ധരിക്കണം, ഏതു നൃത്തം ചെയ്യണം , എവിടെ ചെയ്യണം, എങ്ങനെ ചെയ്യണം ഇത്യാദി കാര്യങ്ങളെല്ലാം ഞങ്ങളാണ് തീരുമാനിക്കുകയെന്ന് ഒരുകൂട്ടര്‍ മുഷ്ടി ചുരുട്ടി ആജ്ഞാപിച്ചപ്പോള്‍ ഉത്തരേന്ത്യയിലേക്കു നോക്കിയിരുന്ന ആവിഷ്കാരസ്വാതന്ത്ര്യ സമരത്തെ എന്തുപേരിട്ടു വിളിക്കണം. സൂരജെന്ന ആര്‍ജെയെ അയാള്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ ഭീഷണിയും തെറിവിളിയും നടത്തി മാപ്പുപറയിപ്പിച്ചപ്പോഴും ഇഷ്ടമുള്ളതു കഴിക്കാന്‍ വേണ്ടി സമരം നടത്തിയ പോരാളികള്‍ ഇഷ്ടമുള്ളതു പറയാനുള്ള ഒരാളുടെ അവകാശത്തിനു വേണ്ടി സമരം നടത്താന്‍ തയ്യാറാകാഞ്ഞത് എന്തുകൊണ്ടായിരിക്കും. ഒടുവില്‍ എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ഫ്ലാഷ് മോബ് പ്രതിഷേധം നടത്തിയപ്പോഴും ഹിന്ദുകുട്ടികള്‍ തലമറച്ചതായിരുന്നു പൊല്ലാപ്പ്. ഞങ്ങളുടെ പ്രസ്ഥാനത്തിലെ കുട്ടികള്‍ എന്തു ധരിക്കണമെന്നത് നിങ്ങള്‍ തീരുമാനിക്കേണ്ട എന്നു പറയാനെങ്കിലും ആര്‍ജ്ജവമുള്ള ഒരൊറ്റ ബീഫ് ഫെസ്റ്റ് വാലയേയും ഈ കേരളത്തിലെങ്ങും മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല. ഏറ്റവും അവസാനം പവിത്രന് തീക്കുനിയുടെ കവിത കണ്ട് ഹാലിളകിയ കൂട്ടര് കവിത പിന്‍വലിപ്പിച്ച് തീക്കുനിയൊക്കൊണ്ട് മാപ്പെഴുതി വാങ്ങിച്ചപ്പോഴും ആവിഷ്കാരവാദവും ആസാദിവാദവും പുരോഗമനവാദവുമെല്ലാം ആസനത്തില്‍ വാലും ചുരുട്ടി കൂര്‍ക്കം വലിച്ചുറങ്ങുകയാണെന്ന തിരിച്ചറിവാണ് കേരളം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം.
റോമിങ് നെറ്റ് വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അത്ഭുത ഫോണാണ് ഇക്കൂട്ടരുടെ ആവിഷ്ക്കാരവാദമെങ്കില് ഈ തട്ടിപ്പു നാടകക്കാരെ ജനം തിരിച്ചറിയേണ്ടതുണ്ട്.പെരുമാള്‍ മുരുകനു വേണ്ടി ഉയര്‍ന്ന ഐക്യദാര്‍ഢ്യം ആര്.ജെ.സൂരജിനും പവിത്രന് തീക്കുനിയ്ക്കും വേണ്ടിയും ഉയര്‍ത്താന്‍ എന്തിനാണു പുരോഗമന-സാംസ്കാരിക കേരളം ഭയക്കുന്നത് ? അങ്ങനെ പ്രതിഷേധിച്ചാല്‍ ഉമ്മറത്തെ മതേതര പല്ല് പോകുമെന്ന് ഭയന്നാണോ..? മതേതര പല്ല് പോയാല്‍ ഫാസിസ്റ്റ് തൊണ്ണനെന്ന പേരുകിട്ടുമെന്നാണോ ഭയം ? ഫാസിസ്റ്റു തൊണ്ണനായാല് വോട്ടുബാങ്കെന്ന പെണ്ണിനെ കിട്ടില്ലെന്നാണോ നിങ്ങളുടെ ഭയം ?
ഏതു ഭയമായാലും നിങ്ങളുടെ മുഖത്തെ ഈ ഭയം കാണുമ്പോള്‍ ഒരു റിലാക്സേഷന് ഒക്കെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: