കൊച്ചി: വാക്കുകളുടെ അനന്തസാധ്യതകളെ അനാവരണം ചെയ്യുന്ന കലയാണ് ചാക്യാര്കൂത്തെന്ന് ഡോ.എടനാട് രാജന്‍നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. 21-ാമത് അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായി ചാക്യാര്‍കൂത്തിലെ അഭിനയസാധ്യത എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനോധര്മമുണ്ടെങ്കില് മാത്രമേ ചാക്യാര്‍ക്ക് അരങ്ങത്ത് ശോഭിക്കുവാന്‍ കഴിയുകയുള്ളൂ. മനോധര്‍മത്തിന് ഇത്രമാത്രം പ്രാധാന്യമുള്ള മററു കലയുണ്ടോയെന്നത് സംശയമാണ്. ചാക്യാര്‍ ഒരേസമയം ഒട്ടേറെ കഥാപാത്രങ്ങളെയാണ് വേദിയില്‍ അവതരിപ്പിക്കുന്നത്. ലോകത്ത് കാണുന്നതെല്ലാം ചാക്യാര്‍ തന്റെ കൂത്തിന് അലങ്കാരമാക്കുന്നു. നല്ല പ്രതിഭ വേണ്ട കലയാണ് ചാക്യാര്‍കൂത്തെന്നും രാജന്‍നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.ജി. വേണുഗോപാല്‍ രാജന്നമ്പ്യാര്ക്ക് ഉപഹാരം നല്കി. തുടര്‍ന്ന് നടന്ന സഭയില്‍ നാട്യശാസ്ത്രവും, കൂടിയാട്ടവും എന്ന വിഷയത്തില്‍ കേരളകലാമണ്ഡലം അക്കാദമിക് ഡയരക്ടര്‍ ഡോ. സി.എം. നീലകണ്ഠന് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: