കൊച്ചി: ഓഖി ചുഴലിക്കാറ്റ് മുന്നറിപ്പ് അവഗണിച്ച സംസ്ഥാന ചീഫ് സെക്രട്ടറി അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയില്‍ ആശയസംവാദത്തില്‍ സംസാരിക്കുകയായിരുന്നു.
ചുഴലിക്കാറ്റ് സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ഇല്ലെന്നു പറയുന്നത് പച്ചക്കള്ളമാണ്. ഉദ്യോഗസ്ഥരുടെ നിസംഗതയാണ് വിലപ്പെട്ട ജീവനുകള്‍ നഷ്ടമാക്കിയത്. ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിയിലെയും ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നരഹത്യക്ക് കേസെടുക്കണം. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്, പി.സി. ജോര്‍ജ്ജ് ആരോപിച്ചു.
കാണാതായവര്‍ എത്രയെന്ന കണക്കുപോലും സര്‍ക്കാരിനില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനങ്ങളെപ്പേടിച്ചു വഴിനടക്കാന്‍പോലും കഴിയുന്നില്ല. ആളപായം ഒഴിവാക്കാനുള്ള സമയം സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും പ്രവര്ത്തികാഞ്ഞത് ഗുരുതരമായ വീഴ്ചയാണെന്നും ജോര്‍ജ് പറഞ്ഞു. 60 കൊല്ലം മാറിമാറി ഭരിച്ചവര്‍ നാടിനെ നന്നാക്കാനുള്ള ഒരു പരിപാടിയും നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: