കൊച്ചി: കടലാക്രമണത്തില്‍ വൈപ്പിന്‍, ചെല്ലാനം, ഞാറയ്ക്കല്‍ മേഖലകളിലെ നിരവധി വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്നിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന സെപ്റ്റിക് ടാങ്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. ഇതിന് ചെലവാകുന്ന തുക സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ദുരിതബാധിത മേഖലകളില്‍ തിങ്കളാഴ്ച്ചയാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ ആരംഭിച്ചത്. ആദ്യ ദിവസം ആറ് ടാങ്കറുകളാണ് ശുചീകരണത്തിനുണ്ടായിരുന്നത്. ചെല്ലാനത്ത് നാല് ടാങ്കറുകളും വൈപ്പിനില്‍ രണ്ട് ടാങ്കറുകളും നിയോഗിച്ചു. സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് ഭൂഗര്‍ഭജലം കൂടി പമ്പു ചെയ്തു നീക്കേണ്ടി വരുന്നതാണ് ശുചീകരണം നീളുന്നതിന് കാരണം. ചില വീടുകളിലേക്ക് ടാങ്കര്‍ കയറാന്‍ വഴിയില്ലാത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചെറുവാഹനങ്ങള്‍ ഉപയോഗിച്ച് ഈ പ്രതിസന്ധി പരിഹരിക്കും. ഇന്നലെ ഒമ്പത് ടാങ്കറുകള്‍ ശുചീകരണം നടത്തി. കൂടുതല്‍ ടാങ്കറുകള്‍ രംഗത്തിറക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: