ശശികപൂറിന്റെ മരണത്തിലൂടെ ബോളിവുഡിലെ മഹിത പാരമ്പര്യത്തിലെ ഒരു കണ്ണികൂടി കൊഴിയുന്നു. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ കുടുംബമെന്നു പേരുകേട്ട കപൂര്‍ പരമ്പരകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട ശശി, പിന്നീട് നടനും സംവിധായകനും നിര്‍മാതാവുമായി വലിയൊരു ആകര്‍ഷണത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു. അന്തരിച്ച രാജ് കപൂര്‍, ഷമ്മികപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. വിവിധ വേഷങ്ങളിലൂടെ ഹിന്ദി സിനിമയില്‍ മൂന്നു പതിറ്റാണ്ടുകളോളം കത്തിനിന്ന ശശികപൂര്‍ മരണത്തിലേക്കു മറയുമ്പോള്‍ വെള്ളിത്തിരയില്‍ എക്കാലവും തെളിയുന്ന സിനിമകള്‍ ബാക്കി.
പഴയ കല്‍ക്കത്തയില്‍ ജനിച്ച ശശികപൂര്‍ പെട്ടെന്നൊരു ദിവസം സിനിമയില്‍ ചേക്കേറിയതല്ല. അച്ഛന് പൃഥ്വിരാജ് കപൂറിന്റെ പൃഥ്വി തിയറ്ററിലൂടെ നടനത്തിന്റെ കരചലനങ്ങളും ഭാവതലങ്ങളും പരിശീലിച്ച് അരങ്ങേറുകയായിരുന്നു സിനിമയില്‍. ഇന്ത്യന്‍-യൂറോപ്യന്‍ നാടകങ്ങളുമായുള്ള ആത്മബന്ധമായിരുന്നു ആസ്തി. ഇംഗ്ളീഷ് നാടകങ്ങളിലൂടെ അഭിനയത്തിന്റെ ചുക്കാന്‍ ഏറ്റുവാങ്ങിയ അദ്ദേഹം ഇന്ത്യയിലെ ആദ്യഅന്തര്ദേശീയ നടനാണ്. ഭാര്യയും നടിയുമായിരുന്ന ജന്നിഫറിന്റെ ഇരുത്തമുള്ള പിന്തുണ ഇക്കാര്യത്തില്‍ ശശികപൂറിനു വേണ്ടുവോളം ലഭിച്ചു.1978ല്‍ ഇരുവരും ചേര്‍ന്ന് മുംബൈയില്‍ പൃഥ്വി തിയറ്റര്‍ സ്ഥാപിച്ചു. ആവര്‍ഷം തന്നെ പ്രൊഡക്ഷന്‍ ഹൗസും ആരംഭിച്ചു.
1940ല്‍ കുട്ടിനടനായിട്ടാണ് ശശികപൂര്‍ സിനിമയില്‍ എത്തിയത്.1948 മുതല്‍ 54വരെ ഇങ്ങനെ കുട്ടിത്തരമായിട്ടായിരുന്നു അഭിയം. പിന്നീട് 60കളില്‍ തുടങ്ങി 80കളില്‍വരെ സൂപ്പര്‍ താരമായിരുന്നു. കലയും കച്ചവടവും സമാസമം ചേര്‍ത്ത് 116 ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ 61ചിത്രങ്ങളില്‍ ലീഡ് റോളായിരുന്നു. 55മള്‍ട്ടി സ്റ്റാര്‍ സിനിമകളും. അഭിനയിച്ചവയും നിര്‍മിച്ചവയും സംവിധാനം ചെയ്തവയുമൊക്കെ വന്‍ ഹിറ്റുകളായവയും നല്ല ചിത്രങ്ങളെന്നു പേരെടുത്തവയുമാണ്. ബോക്സോഫീസില്‍ വലിയ വിജയംകൊയ്ത ശശിചിത്രങ്ങള് നിരവധിയാണ്. ദീവാര്‍, കഭീ കഭീ, ശങ്കര്‍ ദാദ, ഷാന്‍, സിന്‍സില, സ്വയംവര്‍, റോട്ടി കപ്പട ഔര്‍ മക്കാന്, തൃശൂല്‍ തുടങ്ങിയവ ഇന്നും പഴയ തലമുറയുടെ ഓര്‍മയില്‍ പൂത്തുനില്‍ക്കുന്നുണ്ട്. നിര്‍മിച്ച ഒരുപിടി ചിത്രങ്ങളും ഗുണമാപിനിയില് ഉയര്‍ന്നു നില്ക്കുന്നവയാണ്. കലിയുഗ്, വിജയേത, ഉത്സവ്, 36 ചൗരംഗി ലൈന്‍, ജുനൂന് എന്നിവ ഒരു നിര്‍മാതാവിന്റെ കച്ചവട നിര്‍ബന്ധം അത്രയ്ക്കൊന്നും ചേരാത്തവയാണ്.
ക്ഷോഭിക്കുന്ന നായകനും പ്രണയിക്കുന്ന കാമുകനുമായി ശശികപൂര്‍ നിറഞ്ഞാടുമ്പോഴും ആ വേഷങ്ങളിലൊക്കെ വേറിട്ടതാകാന്‍ ഈ സുന്ദര പുരുഷന് ശ്രദ്ധാപൂര്വമായൊരു താല്പര്യമുണ്ടായിരുന്നു. അത്തരം നിശ്ചയങ്ങള്‍ തന്നെയാണ് ശശികപൂറിനെ പകരക്കാരനില്ലാത്ത മറ്റൊരാളായി മാറ്റുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: