പള്ളുരുത്തി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭം തീരദേശത്തെ പകര്‍ച്ചവ്യാധി ഭീഷണിയിലാക്കി. കടല്‍ ഇരച്ചുകയറി കക്കൂസ് മാലിന്യങ്ങളടക്കം പരിസരമാകെ വ്യാപിപ്പിച്ചു. കാനകളിലെ മാലിന്യവും ഭീഷണിയായിട്ടുണ്ട്. അഴുക്കുംചെളിയുംകലര്ന്ന നിലയിലാണ് പ്രദേശങ്ങള്‍. അതിനാല്‍, ഈ പ്രദേശത്ത് വെള്ളമിറങ്ങിയാലും താമസ സജ്ജമാകാന്‍ ഇനിയും കാലതാമസമെടുക്കും.
വീടുകള്‍ക്ക് ഉള്ളിലെല്ലാം കടല്‍ മണ്ണ് അടിഞ്ഞിരിക്കുകയാണ്. ഇവ നീക്കം ചെയ്ത് താമസയോഗ്യമാക്കാന്‍ ഏറെ പാടുപെടും. കൂടാതെ, വീടുകളിലുണ്ടായിരുന്ന ഉപകരണങ്ങളും കടലെടുത്തു. അതുകൊണ്ടുതന്നെ ക്യാമ്പുകളില്‍ തന്നെ തങ്ങേണ്ട ഗതികേടിലാണ് ആളുകള്‍.
കേരളതീരത്ത് നിന്ന്ആയിരംകിലോമീറ്ററകലെ ഓഖി ലക്ഷദ്വീപ് കടന്നതോടെയാണ് തീരത്ത് ചെറിയ ആശ്വാസമുണ്ടായത്. എങ്കിലും, കണ്ണമാലി, മറുവക്കാട്, ചെല്ലാനം തീരമേഖലയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും കടല്‍കയറി. ഇവിടെ 400 ഓളം വീടുകളില്‍ കടല്‍ വെള്ളം കയറി.
ദുരിതാശ്വാസക്യാമ്പുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതും ദുരിതജീവിതമാണിവിടെയെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ കടല്‍ക്ഷോഭം തീരുമെന്ന ആശ്വാസത്തിലാണവര്‍. എന്നാല്‍, കടല്‍കയറ്റത്തിന്റെ ദുരിതം തീരാന്‍ ആഴ്ചകളെടുക്കുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി: മന്ത്രി
കൊച്ചി: തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. കടല്‍ക്ഷോഭം കഴിഞ്ഞാലുടന്‍ കാനകള്‍ വൃത്തിയാക്കാനും തീരപ്രദേശത്ത് ക്ലോറിനേഷന് നടത്തി തീരം അണുവിമുക്തമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും ഉള്‍പ്പെടെയുള്ള ഒരു ടീം ഇതിനായി രൂപീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം തീരപ്രദേശത്തെ വെള്ളം പരിശോധിക്കാനുള്ള നടപടിയെടുക്കും. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ജനങ്ങളിലുണ്ടായ ഭീതി അകറ്റാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും ആരംഭിക്കും. കൗണ്‍സിലിങ്ങും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും കടല്‍ ക്ഷോഭത്തിനിരയായവര്ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: