പള്ളുരുത്തി: കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിനു പുറപ്പെട്ട് വിവരങ്ങളൊന്നുമറിയാതിരുന്ന ഇരുന്നൂറ്റിപതിനൊന്ന് ബോട്ടുകളില്‍ എഴുപത്തിയഞ്ചു ബോട്ടുകള്‍ മഹാരാഷ്ട്രയിലെ ഹാര്‍ബറില്‍ അടുത്തതായി വിവരം ലഭിച്ചു. അഞ്ചു ബോട്ടുകള്‍ ലക്ഷദ്വീപിലും എത്തി. രണ്ടു ബോട്ടുകള്‍ യന്ത്രതകരാറിനെ തുടര്‍ന്ന് ലക്ഷദ്വീപ് തീരത്ത് അടുത്തിട്ടുണ്ട്. പതിനാറു ബോട്ടുകള്‍ വ്യാഴാഴ്ച രാത്രി വൈകി തോപ്പുംപടി ഹാര്‍ബറില്‍ അടുത്തിരുന്നു. വെള്ളിയാഴ്ച ആറു ബോട്ടുകളും ഹാര്‍ബറിലെത്തി.
ഇനി നൂറ്റിയൊമ്പതു ബോട്ടുകളാണ് കരയിലടുക്കുവാനുള്ളത്. ഇവയില്‍ എണ്‍പതോളം ബോട്ടുകള്‍ മഹാരാഷ്ട്രാ മേഖലയിലുണ്ടെന്നാണ് കൊച്ചിയിലെത്തിയ ബോട്ട് ജീവനക്കാര്‍ പറയുന്നത്. ലക്ഷദ്വീപിലും ചില ബോട്ടുകള്‍ അടുത്തതായി വിവരമുണ്ട്.
ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്കി കൊണ്ട് ബോട്ടുകള്‍ തിരിച്ച് കരക്ക് കയറ്റുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മുനമ്പം, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു മത്സ്യ ബന്ധനം നടത്തുന്ന മുന്നൂറോളം ബോട്ടുകള്‍ കരക്കടുത്തുവെങ്കിലും ഇരുന്നൂറ്റി പതിനൊന്ന് ബോട്ടുകള്‍ കരക്കടുക്കുകയോ ഇവരെ കുറിച്ച് വിവരം ലഭിക്കാതിരിക്കുകയും ചെയ്തത് ആശങ്ക പരത്തി. ഒരാഴ്ചക്ക് മുന്‍പ് ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയതായിരുന്നു ഈ ബോട്ടുകള്‍. ഏതാണ്ട് രണ്ടായിരത്തോളം തൊഴിലാളികളാണ് ബോട്ടുകളില്‍ ഉള്ളത്.
ഓഖി ചുഴലികാറ്റ് വിതച്ച ഭീതിയില്‍ ഈ ബോട്ടുകള്‍ കരക്കടുക്കാതിരുന്നത് ഇവരുടെ ബന്ധുക്കളെ ആശങ്കയിലാക്കിയിരുന്നു. ബോട്ടുകള്‍ പലയിടങ്ങളിലായിട്ടുള്ള വിവരം അറിഞ്ഞു വരികയാണെന്ന് ലോംഗ് ലൈന്‍ ബോട്ട് ആന്റ് ഗില്‍ നെറ്റ് ഏജന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.എം.നൗഷാദ് സെകട്ടറി എം. മജീദ് എന്നിവര്‍ പറഞ്ഞു. ലക്ഷദ്വീപിലേക്ക് പോയ ബോട്ടുകളുടെ കാര്യത്തിലാണ് ഏറെ ആശങ്കയെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: