വേനല്‍ പി.വത്സലയുടെ മികച്ച നോവലാണ്. നോവലിന്റെ പേര് സൂചിപ്പിക്കുംപോലെ വേനലിലെ കനലെരിയുന്ന എഴുത്താണ് വത്സലയുടേത്. എല്ലുറപ്പുള്ള നോവല്‍ പേരുകള്‍പോലെ തന്നെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയും അതു തുറന്നുകാണിക്കുന്ന കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള ഭാഷയും ഈ എഴുത്തുകാരിക്കുണ്ട്. സഞ്ജയന് പുരസ്ക്കാരം മികവിന്റെ അര്‍ഹതയുള്ള ഈ എഴുത്തുകാരിക്കു നല്കുമ്പോള് നല്ല കൈകളിലേക്കു തന്നെയാണ് അതെത്തുന്നതെന്ന് വായനാലോകത്തിനു ആഹ്ളാദിക്കാം.
പി.വത്സല താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ അനുഭവങ്ങളാണ് നോവലായും കഥയായും എഴുതുന്നത്.ചുറ്റുപാടുകള്‍ താന്‍തന്നെയാകുന്ന അവസ്ഥ. കഥാപാത്രങ്ങളേയും അവരുടെ സ്ഥലകാലങ്ങളേയും രുചിച്ചുകൊണ്ടാണ് അതിലെ എരിവും പുളിയും മധുരവും കയ്പും എഴുത്തിലും കുടിയേറുന്നതെന്ന് വത്സലയുടെ ആദ്യനോവലായ നെല്ല് തന്നെ മലയാളത്തെ അറിയിച്ചിരുന്നു.കുങ്കുമം അവാര്‍ഡുനേടിയ ഈ നോവല്‍ അന്നു വായനക്കാരെ അതിശയിപ്പിച്ചുകളഞ്ഞു. സ്ത്രീ എഴുത്തെന്ന് സംബോധന ചെയ്യാത്ത അന്നത്തെ നാളുകളില്‍ അത് ഒരു സ്ത്രീ എഴുത്തുകാരിയുടെ പൗരുഷ ഭാവമെന്നോ മറ്റോ അറിഞ്ഞിരിക്കണം. ഇന്ന് സ്ത്രീ എഴുത്തെന്ന ലേബലില്‍ ചിലരെങ്കിലും മനപ്പൂര്‍വം നടത്തുന്ന പെണ്ണെഴുത്തിലെ ആണ്‍ഭാവം വത്സലയുടെ എഴുത്തിന്റെ ആദ്യകാലത്തു തന്നെ നിറംപിടിപ്പിക്കാത്ത സ്വാഭാവികതയായിരുന്നു.
ആദിവാസികളുടേയും ദളിതന്റേയും കാട്ടുമനുഷ്യന്റേയും ഭാവനയേയും തോല്‍പ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ തിണര്‍പ്പുകള്‍ പകരുന്നഎഴുത്ത് വത്സലയുടെ രചനകളിലൂടെയാണ് നാം അനുഭവിച്ചത്. വയനാടന്‍ ഗ്രാമത്തിന്റെ നഖചിത്രത്തിലൂടെ എല്ലായിടത്തുമുള്ള ഇവരുടെ അരുകു ജീവിതത്തിന്റെ വിലാപങ്ങല് വത്സലയുടെ രചനകളില്‍ കാണാം.ആദ്യം നാട്ടിന്‍പുറം തട്ടകമാക്കിയ വത്സല പിന്നീട് നഗരജീവിതത്തേയും പിടികൂടി.
അവിടെയുള്ള മനുഷ്യരുടെ കഥപറയുമ്പോഴും അടിസ്ഥാനപരമായി അവ മാനവികതയുടെ തന്നെ കഥയായി.നഗര ഗ്രാമങ്ങളുടെ വ്യത്യാസം പക്ഷേ,മനുഷ്യവേദനകളുടെ വ്യത്യാസമായി ഈ എഴുത്തുകാരി കണ്ടില്ല.അവകാശങ്ങളും സ്വാതന്ത്ര്യവും അടിയറവെക്കാത്ത ആശയംകൊണ്ടു നടക്കുന്നവരാണ് വത്സലയുടെ കഥാപാത്രങ്ങള്‍. അതുകൊണ്ടാണ് എഴുത്തും ഞാനും ഒന്നാണെന്ന് അവര്‍ പറഞ്ഞത്.
എന്തിനേയും തുളച്ചുകയറുന്ന ഒരു ഭാഷ വത്സലയുടെ എഴുത്തിനുണ്ട്.്.വാക്കുകളെ ഭാഷയുടെ ആലയില്‍ അടിച്ചുപരത്തി മുനകൂര്പ്പിച്ചെടുക്കുന്ന ഒരു പണിത്തരമാണ് ഈ എഴുത്തുകാരിയുടേത്. ഇത്തരം മുനകൂര്പ്പുള്ള പേരുതന്നെ നോവലിനായതും യാദൃച്ഛികമല്ല.വേനല്‍,കനല്,അരക്കില്ലം,പാളയം,ചാവേര്‍ തുടങ്ങിയ നോവല്‍ നാമങ്ങള്‍ ഇതാണ് കാണിക്കുന്നത്. ഇവകൂടാതെ ആഗ്നേയം,തകര്‍ച്ച,നിഴലുറങ്ങാത്ത വഴികള്‍,നമ്പറുകള്‍,കൂമന്‍കൊല്ലി,ഗൗതമന്,ആരുംമരിക്കുന്നില്ല,മേല്‍പ്പാലം,ആദിജലം എന്നീ നോവലുകളും ഗേറ്റു തുറന്നിട്ടിരിക്കുന്നു,ആരണ്യകാണ്ഡം,പൂരം,മൈഥിലിയുടെ മകള്‍ തുടങ്ങിയ കഥകളും വത്സലയുടേതായുണ്ട്.
നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.മുട്ടത്തു വര്‍ക്കി അവാര്‍ഡ്,സി.വി.കുഞ്ഞിരാമന് മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങള്‍ വത്സലയെ തേടിയെത്തി.പ്രധാനാധ്യാപികയായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: