മരട്: വിഭാഗീയതയും അഴിമതിയും ചൂണ്ടിക്കാണിക്കുന്നതിനോടുള്ള നേതൃത്വത്തിന്റെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് മരടിലെ സിപിഎമ്മില്‍ കൂട്ടരാജി. മരട് ഈസ്റ്റ്, മരട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള നേതാക്കളും 4 വനിതാ പ്രവര്‍ത്തകരും ഉള്‍പ്പടെ 25 പേരാണ് രാജിവെച്ചത്. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുതിര്‍ന്ന പാര്‍ട്ടി സഖാവും നിലവില്‍ കുണ്ടന്നൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ സിപിഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും സിഡിഎസ് സെക്രട്ടറിയുമായിരുന്ന സംഗീത അജിത്ത്, നെട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.എസ്. വിനീഷ്, 1980 മുതല്‍ വിവിധ പാര്‍ട്ടി ചുമതലകള്‍ വഹിച്ചിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്‍.ഡി. വാസുദേവന്‍, ഡിവൈഎഫ്ഐ മരട്, നെട്ടൂര്‍ മുന്‍ മേഖല കമ്മിറ്റിയംഗങ്ങളായ കെ.കെ. ജയേഷ്, ജസ്സു ബുഹാരി, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്തരിച്ച പി.വി. ശശിയുടെ ഭാര്യ പുഷ്പവല്ലി എന്നിവരാണ് സിപിഎം വിട്ടവരില്‍ പ്രമുഖര്‍.
സിപിഎം വിട്ടുവരുന്നവര്‍ക്ക് സിപിഐ നേതൃത്വം നെട്ടൂരില്‍ വന്‍ സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് 5ന് നെട്ടൂര്‍ ധന്യാ ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണ പരിപാടി സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി വിട്ടവര്‍ സ്വീകരണ സ്ഥലത്തേക്ക് നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ നിന്ന് പ്രകടനമായാണ് എത്തിച്ചേരുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ ഇനിയും പലരും സിപിഎം വിട്ട് സിപിഐയില്‍ ചേരുമെന്ന് സിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിപിഐ മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ടി. രഘുവരന്, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കുമ്പളം രാജപ്പന്, തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. പരമേശ്വരന്, മണ്ഡലം കമ്മിറ്റിയംഗം എ.എം. മുഹമ്മദ്, മരട് എല്‍സി സെക്രട്ടറി എ.ആര്. പ്രസാദ്, സിപിഎമ്മില്‍ നിന്ന് രാജിവെച്ച മുന്‍ എല്‍സി സെക്രട്ടറി പി.ബി. വേണുഗോപാല്‍, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം സംഗീത അജിത്ത്, എന്‍.ഡി. വാസുദേവന്‍, കെ.കെ. ജയേഷ്, ജസ്സു ബുഹാരി, എസ്. സിയാദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: