പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ വീണ്ടും വാഹനാപകടം. സിഗ്നല്‍ തകരാര്‍ മൂലം പെട്ടെന്ന് നിര്‍ത്തിയ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം. പച്ച വിളക്ക് തെളിഞ്ഞതുകണ്ട് മുന്നൊട്ടെടുത്ത ലോറി പെട്ടെന്ന് ചുവന്ന വെളിച്ചം കണ്ട് നിര്‍ത്തിയതാണ് അപകട കാരണം. പിറകെ വന്ന ബൈക്ക് വെട്ടിത്തിരിച്ചെങ്കിലും ലോറിയുടെ പിന്ചക്രത്തിലിടിക്കുകയായിരുന്നു. ലോറി നിര്‍ത്തിയിരുന്നതിനാല്‍ അപകടം ഗുരുതരമായില്ല. കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പുതുക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് സെന്ററിലെ സിഗ്നല്‍ വിളക്കുകള്‍ അപ്രതീക്ഷിതമായി മാറി,മാറി തെളിയുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. എപ്പോഴും സംഭവിക്കാത്തതിനാല്‍ പ്രശ്നം അധികൃതരുടെ ശ്രദ്ധയിലും എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: