പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങവേ യുവാവ് നോര്‍ത്ത് പോലീസിന്റെ വലയിലായി. പാലക്കാട്, മുട്ടിക്കുളങ്ങര, മാഹാളി ഹൗസില്‍ സുധിന്‍(19) നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ ഒലവക്കോട് താണാവിനടുത്തു വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടാവ് വലയിലായത്. ബൈക്കിലെത്തിയ സുധിനോട് വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞതില്‍ സംശയം തോന്നിയ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഈ മാസം എട്ടാം തിയ്യതി പാലക്കാട് ടൗണ്‍ ബസ്റ്റാന്റ് പരിസരത്ത് നിന്നും മോഷ്ടിച്ചതാണെന്ന് ഇയാള്‍ കുറ്റം സമ്മതിച്ചു.
കിണാശേരി, ആനന്ദ് നഗര്‍, കല്ലുംപുറത്ത് വീട്ടില്‍ രാജന്റെ പേരിലുള്ള യമഹ ആര്‍എക്സ് 100 ബൈക്കായിരുന്നു മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.
പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐപിഎസി ന്റെയും എഎസ്പി ജി പൂങ്കുഴലി ഐരിഎസ്സിന്റെയും നിര്‍ദ്ദേശാനുസരണം ജില്ലയിലെ വാഹന മോഷണം തടയുന്നതിന് നടപ്പിലാക്കിയ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കി വരുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ വാഹന മോഷ്ടാവിനെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്യുന്നത്.
പാലക്കാട് ടൗണ്‍ നോര്‍ത്ത് സിഐ ആര് ശിവശങ്കരന്റെ നിര്‍ദ്ദേശ പ്രകാരം, എസ്ഐ ആര്.രഞ്ജിത്, പുരുഷോത്തമന് പിള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്. കിഷോര്‍, എം.സുനില്‍, കെ.അഹമ്മദ് കബീര്‍, ആര്.രാജീദ്, എസ്.സന്തോഷ് കുമാര്‍, ആര്.ദീലീഷ്, എസ്.സജീന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: