മാനന്തവാടി: സംസ്ഥാന ഫണ്ട് പിരിവിലെ വീഴ്ച്ചയെതുടര്ന്ന് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി. അച്ചടക്ക നടപടി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത നേതൃത്വത്തിനെതിരെയും വ്യാപക പ്രതിഷേധം.
ഇക്കഴിഞ്ഞ സെപ്തംബര്‍ 23ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ ഏകദിന പ്രവര്‍ത്തന ഫണ്ട് സമാഹാരണത്തില്‍ വീഴ്ച വരുത്തിയതിന് നിയോജക മണ്ഡലം ഭാരവാഹികളായ മോയിന്‍ കാസിം, റഫീഖ് പാറക്കണ്ടി, ഷമീര്‍ തേറ്റമല എന്നിവര്‍ക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് നിയോജക മണ്ഡലം കമ്മറ്റിക്ക് കത്തും നല്‍കിയിരുന്നു. ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച വരുത്തിയെന്ന ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മൂവരെയും ഇവര്‍ വഹിക്കുന്ന സ്ഥാനമാനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നു എന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനു പകരം നേതൃത്വമാകട്ടെ വാട്ട്സ്അപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കത്ത് പോസ്റ്റ് ചെയ്തതാണ് മണ്ഡലം കമ്മറ്റിയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
നിലവില്‍ ചില വിഷയങ്ങളില്‍ ഭിന്നാഭിപ്രായമുള്ള നിയോജക മണ്ഡലം കമ്മറ്റിയില്‍ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇത്തരം ചെയ്തികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് തന്നെയാണ് രൂപപെട്ടിട്ടുള്ളത്. സംസ്ഥാന കമ്മറ്റിയുടെ അച്ചടക്ക നടപടി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധ സൂചകമായി നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങള്‍ ഇതിനകം രാജിക്കൊരുങ്ങിയതായാണ് അറിയുന്നത്. ഇക്കാര്യം ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. നിലവില്‍ മണ്ഡലം കമ്മറ്റിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ നേതൃത്വത്തില്‍ ചിലരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ പരസ്യമായി രംഗത്തെത്താനും ചില മണ്ഡല കമ്മറ്റി അംഗങ്ങള്‍ തീരുമാനിച്ചതായാണ് അറിയാന്‍ കഴിയുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയോജക മണ്ഡലം ലീഗ് നേതൃത്വവും ജില്ലാ മുസ്ലീം ലീഗ് നേതൃത്വവും പ്രശനങ്ങള്‍ രമ്യതയിലെത്തിക്കാനുള്ള നേട്ടോട്ടത്തിലുമാണ്. എന്തായാലും ഈ സംഭവം ലീഗ് നേതൃത്വത്തിന് വരും ദിവസങ്ങളില്‍ തലവേദനയായി മാറുമെന്ന കാര്യം ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: