കല്‍പ്പറ്റ:നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത സംസ്ഥാന സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സംഗമവും മനുഷ്യ റയില്‍പാതയും സംഘടിപ്പിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പി.സി.തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന് താല്‍പ്പര്യമുള്ള തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാതയെ അട്ടിമറിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭാവിവികസനത്തിനു വേണ്ടിയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത. ബാംഗ്ലൂരിലേക്കും ഡല്‍ഹിയിലേക്കുമുള്ള യാത്രാസമയം ഈ പാത വഴി ഏറെ ലാഭിക്കാം.
20 ശതമാനം വരുമാനമാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കണക്കാക്കിയിട്ടുള്ളത്. ഇത് ഇന്ത്യയില്‍തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ്. തലശ്ശേരി-മൈസൂര്‍ റയില്‍പാതക്ക് വലിയ നഷ്ടവുമാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ ബത്തേരിയില്‍നിന്ന് മാനന്തവാടി വഴി തലശ്ശേരിയിലേക്ക് റയില്‍പാത നിര്‍മ്മിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുമായി ബന്ധിപ്പിച്ചാല്‍ ഇരു പാതകളും നിര്‍മ്മിക്കാം. ഉത്തര മലബാറിനും കേരളത്തിന്റെ ബാക്കി പ്രദേശങ്ങള്‍ക്കും ഇത് ഒരുപോലെ ഗുണകരമാവും. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള പ്രായോഗികമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണ മെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു.
ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാര്‍ തോമസ്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വി.മോഹനന്, കെ.കെ.അബ്രഹാം, ഹാരിസ് പടിഞ്ഞാറത്തറ, എം.സി.സബാസ്റ്റ്യന്‍, കെ.കെ.ഹംസ, മുഹമ്മദ് ഷരീഫ്, ജോണി പാറ്റാനി, പി.വൈ.മത്തായി, മോഹന്‍ നവരംഗ്, ഷൈജല്‍, ഡോ:ലക്ഷ്മണന്, അഡ്വ:പി.വേണുഗോപാല്‍, അഡ്വ:ജോഷി സിറിയക്ക്, റസാക്ക് കല്‍പ്പറ്റ, എം.എ.അസൈനാര്‍, ആനന്ദ് പത്മനാഭന്, ഖാലിദ് രാജ, ആസിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: