കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി എസ്ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. എസ്ഐ ആന്റണി ജോസഫ് നെറ്റോക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് എറണാകുളം സിറ്റി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയായാണ് കേസെടുത്തത്.
ജൂലൈ ആറിനായിരുന്നു സംഭവം. സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ നടത്തിയ തിരച്ചിലില്‍ ഏഴോളം കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടു. ഇവരോട് പിരിഞ്ഞുപോകാന്‍ എസ്ഐ ആവശ്യപ്പെട്ടെങ്കിലും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി ധിക്കാരപരമായി പെരുമാറി. ഇതില്‍ പ്രകോപിതനായ എസ്ഐ വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടില്‍ കുത്തി പിടിച്ച് ചെകിട്ടത്ത് അടിച്ചു. സ്റ്റേഷനിലെത്തിച്ച് കുനിച്ചുനിര്‍ത്തി. വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിളിച്ചുവരുത്തി താക്കീത് നല്കി എന്നുമാണ് കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ കരുവേലിപ്പടി ആശുപത്രിയില്‍ പ്രവേശിക്കുകകയും പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കെതിരെ കേസെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയുടെ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും ഹാജരാക്കാത്തതില്‍ കമ്മീഷന് അതൃപ്തി പ്രകടിപ്പിച്ചു. കയര്‍ത്ത് സംസാരിച്ചുവെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്ഐയുടെ നടപടി ന്യായീകരിക്കാനാവില്ലെന്നും ഒപ്പം പ്രവര്‍ത്തിക്കുന്ന ഉദേ്യാഗസ്ഥനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസ് കോടതിയിലെത്തുമ്പോള്‍ എന്താകുമെന്ന് അനുമാനിക്കാവുന്നതാണെന്നും കമ്മീഷന് പറഞ്ഞു. എസ്ഐയ്ക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം ഹാജരാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: