മട്ടാഞ്ചേരി: മീസില്‍സ് റൂബെല്ലാ വാക്സിനേഷന് പശ്ചിമ കൊച്ചിയില്‍ എതിര്‍പ്പ് ശക്തം. മാരകരോഗങ്ങളില്‍ നിന്നുള്ള പ്രതിരോധ കുത്തിവെപ്പാണ് മീസില്‍സ്, റുബെല്ല വാക്സിനേഷന്. നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണത്താല്‍ പലരും കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ മടിക്കുകയാണ്. ഇതേ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവത്കരണയോഗം നടത്തി.
മട്ടാഞ്ചേരി സ്ത്രീകളുടെയുംകുട്ടികളുടെയും ആശുപത്രിയില്‍ സാമുദായിക നേതാക്കള്‍, അദ്ധ്യാപകര്‍, സാമൂഹിക ക്ഷേമ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനിടെ യോഗത്തില്‍ നിന്ന് എംഎല്‍എയും മേയറുംവിട്ടു നിന്നത് വിവാദത്തിനിടയാക്കി. സംസ്ഥാനത്ത് വാക്സി നേഷനില്‍ എറണാകുളം ജില്ല ഏറെ പിന്നിലാണ്.
പശ്ചിമകൊച്ചിയില്‍ 33 വിദ്യാലയങ്ങളില്‍ ശരാശരി 15 ശതമാനം കുട്ടികള്‍ മാത്രമാണ് കുത്തിവെപ്പ് നടത്തിയതെന്ന് ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം ലക്ഷ്യം കൈവരിക്കാനുള്ള ത്രീവ്രയജ്ഞമാണ് നടത്തേണ്ടതെന്ന് ഡപ്യൂട്ടി കളക്ടര്‍ ജോസ് പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പിന് അനുകൂലമായ നിലപാടല്ല ചില സമുദായങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നേരത്തെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലുള്‍പ്പെടെ തൊണ്ടമുള്ള് വ്യാപകമാകാനും മരണം സംഭവിക്കാനും ഇതുമൂലം കാരണമായി. ഇത്തരം ദുരന്തം ഒഴിവാക്കാനാണ് പ്രതിരോധ വാക്സിനേഷനെക്കുറിച്ച് ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുന്നത്.
ജില്ലയില്‍ ഇതുവരെ 50 ശതമാനം കുട്ടികള്‍ക്ക് പോലും വാക്സിനേഷന് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് അധികൃതരും ആശങ്കയിലാണ്. പശ്ചിമ കൊച്ചിയിലെ ബോധവത്കരണ യോഗത്തില്‍ നഗരസഭാംഗം ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സ്മിത, ഡോ.കെ.കെ ആശ, ഡോ.പ്രതാപചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: