കേരള നവോത്ഥാനത്തിന് അനേകം സംഭാവനകള്‍ അര്‍പ്പിച്ച മഹാത്മാവായിരുന്നു ശുഭാനന്ദഗുരു (1882-1950). കേരളത്തിലുണ്ടായ നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച നായകരിലൊരാളെ തമസ്ക്കരിക്കുന്നത് നീതിയല്ല. അദ്ദേഹത്തെ പാര്‍ശ്വവത്ക്കരിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ തനതായ വീക്ഷണമായിരിക്കാം.
പറയ സമുദായത്തിലാണ് ശുഭാനന്ദഗുരുവായിത്തീര്ന്ന നാരായണന് ജനിച്ചത്. ബാല്യം മുതല്‍ തന്നെ അന്തര്‍മുഖത്വം അദ്ദേഹത്തില്‍ സഹജമായിരുന്നു. പതിനഞ്ചാം വയസ്സില്‍ ഗൃഹം വിട്ട് പരിവ്രാജകനായി വര്‍ഷങ്ങളോളം ദേശാടനം തുടര്‍ന്നു. ഇക്കാലയളവിലാണ് ക്രിസ്തുമതം സ്വീകരിച്ച് മിഷണറി പ്രവര്‍ത്തനം നടത്തിയത്. ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം അതില്‍ നിന്നും സ്വയം വിരമിച്ച് ഏകാന്തസഞ്ചാരം തുടര്‍ന്നു. രണ്ട് വര്‍ഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ടു ദിവസവും അദ്ദേഹം ഇടുക്കി പീരുമേട് മലകളില്‍ കഠിനതപം അനുഷ്ഠിച്ചു. ശുഭാനന്ദന് എന്ന പേര് സ്വയം സ്വീകരിച്ച് അദ്ദേഹം മലയിറങ്ങി ജനമദ്ധ്യത്തിലെത്തി.
1918-ല്‍ ആത്മ ബോധോദയസംഘം എന്ന സംഘടന രൂപീകരിച്ചു. എന്താണ് ആത്മബോധോദയം? ചിന്താശേഷി ഉണ്ടായപ്പോള്‍ മുതല്‍ മനുഷ്യനെ അലട്ടുന്ന ആ ചോദ്യത്തിന് ശുഭാനന്ദഗുരു താനറിഞ്ഞതിന്റെ വെളിച്ചത്തില്‍ മറുപടി പറയുന്നു:- ”ആത്മാവ് മനനം ചെയ്യുന്ന വസ്തുവായ മനുഷ്യന് തന്നെയാകുന്നു. ബോധം ആ മനുഷ്യാത്മാവിനെക്കൊണ്ടുള്ള അറിവെന്നാകുന്നു. ഉദയം എന്നാല്‍ പരോപകാരാര്‍ത്ഥമായ പ്രവൃത്തിയാല്‍ പ്രകാശിക്കുന്നു എന്നാകുന്നു. ഇങ്ങനെ ആത്മബോധോദയം എന്ന പദം ഏതു മനുഷ്യനിലും ഉള്ളതും ഉണ്ടാകേണ്ടതുമാകുന്നു.” അപ്രകാരമുള്ള ആത്മബോധോദയത്തിന് അനുയോജ്യമായ സത്സംഘമായാണ് ഗുരു ആത്മബോധോദയസംഘത്തെ വിഭാവനം ചെയ്തത്.
ആത്മബോധോദയമുണ്ടാകുമ്പോള് മനുഷ്യന്റെ ഐക്യം അനുഭവപ്പെടും. ഗുരുക്കന്മാര് സ്വയംപ്രകാശത്താലാണ് ലോകരെ പ്രകാശമുള്ളവരാക്കിത്തീര്‍ത്തിട്ടുള്ളത്. ഈശ്വരന് ആത്മസ്വരൂപനാണ്. ”ജ്ഞാനം കൊണ്ടല്ലാതെ അജ്ഞാനം മാറ്റുവാന്‍ ലോകത്തില്‍ മറ്റൊരു മാര്‍ഗ്ഗമില്ല” എന്നാണ് ഗുരുകീര്‍ത്തനം. അദ്വൈതവേദാന്തത്തെ സാധാരണക്കാര്‍ക്കായി അവര്‍ക്ക് മനസ്സിലാകുന്ന ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഇതെല്ലാം വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കി. ഉച്ചനീചത്വഭാവം അതിശക്തമായ കാലത്ത് ശുഭാനന്ദഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂക്ഷമായ എതിര്‍പ്പുകള്‍ ഉണ്ടായി.
പരിഹാസം, നിന്ദ, എതിര്‍പ്പ്, വധശ്രമങ്ങള്‍, അവഗണന ഇതൊക്കെ നേരിട്ടാണ് അദ്ദേഹം സംഘത്തെ വളര്‍ത്തിയത്. അറിവോടുകൂടിയ പ്രവര്‍ത്തി അകത്തും പുറത്തും സ്വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു എന്നാണ് ഗുരു ശിഷ്യനെ പഠിപ്പിച്ചത്. വലിയൊരു സംഘടനാതത്ത്വം കൂടിയാണ് മേല്‍സൂചിപ്പിച്ച വാക്കുകളില്‍ ഗുരു സംഗ്രഹിച്ചത്. അടിസ്ഥാനപരമായ അറിവുണ്ടെങ്കിലേ കര്‍മ്മ മാര്‍ഗ്ഗത്തില്‍ ശ്രേയസ്സ് ഉണ്ടാകുകയുള്ളു. ഈശ്വരനെ സംബന്ധിക്കുന്ന അറിവാണത്. മാറ്റം അവനവനില്‍ നിന്ന് തന്നെ തുടങ്ങാനാണ് ഗുരുവും ആഹ്വാനം ചെയ്തത്.
ഗഹനമായ ആത്മജ്ഞാന തത്ത്വങ്ങളെ അക്ഷരാഭ്യാസമില്ലാത്തവരും പിന്നാക്കവിഭാഗക്കാരും ആയിരുന്നവര്‍ക്ക് കൂടി മനസ്സിലാക്കാന്‍ പാകത്തിന് നാടന്‍ പാട്ടിന്റെ ശൈലിയൂള്ള കീര്‍ത്തനങ്ങളായി ശുഭാനന്ദ ഗുരു അവതരിപ്പിച്ചു. അന്നവ അനേകം പേരെ സമാശ്വസിപ്പിച്ചു, പ്രോത്സാഹിപ്പിച്ചു, ആത്മബോധം നല്കി. മധ്യതിരുവിതാംകൂറിലെ ദലിതരില്‍ അധ്യാത്മികവും സാമൂഹികവുമായ ഉണര്‍വുണ്ടായി. ദലിതരില്‍ നിന്നും പണ്ഡിതന്മാരും, സന്ന്യാസിമാരും ഉണ്ടായി.
മുപ്പതോളം ആശ്രമങ്ങള്‍ ഉണ്ടായി. ജാതിമതഭേദമന്യേ അനേകം ശിഷ്യരുണ്ടായി. ഒരു കാലത്ത് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരുന്നവര്‍ തന്നെ പിന്നീട് മാനസാന്തരപ്പെട്ട് ശിഷ്യരായി. ശുഭാനന്ദഗുരു അദ്വൈത ദര്‍ശനത്തെ കുടിലില്‍ വരെ എത്തിച്ചു. അദ്ധ്വാനവര്ഗ്ഗത്തിനും മനസ്സിലാക്കാവുന്ന ഒന്നാണ് വേദാന്തമെന്ന് വീണ്ടും തെളിഞ്ഞു. ജാതിക്കോമരങ്ങള്‍ വീണ്ടി ഇളിഭ്യരായി. ബാഹ്യമായ ബഹളങ്ങളൊന്നും ഗുരുവിനെ സ്വാധീനിച്ചിരുന്നില്ല. മനുഷ്യരെല്ലാം സമന്മാരാണ് എന്ന ജൈവസത്യത്തെ അദ്ദേഹം ജീവിച്ചുകാണിച്ചു. ചട്ടമ്പിസ്വാമികള്‍, നാരായണഗുരു, പൊയ്കയില്‍ കുമാരഗുരുദേവന്‍ എന്നിവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.
1934ല്‍ മാവേലിക്കര വെച്ച് നടന്ന യോഗത്തില്‍ ഗാന്ധിജി ഗുരുവിനെ ആദരിക്കുകയുണ്ടായി. മാവേലിക്കര കൊട്ടാരത്തിലെ ആര്‍ട്ടിസ്റ്റ് രാമവര്മ്മരാജയായിരുന്നു ആത്മബോധോദയ സംഘത്തിന്റെ രക്ഷാധികാരി. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാഴുന്ന കാലത്തായിരുന്നു രാമവര്‍മ്മരാജ അതിന് തയ്യാറായത് എന്ന് ഓര്‍ക്കുമ്പോഴാണ് ശുഭാനന്ദ ഗുരുവിന്റെ സ്വാധീനം വ്യക്തമാകുന്നത്. അനേകം പ്രാവശ്യം ശുഭാനന്ദഗുരു ശിവഗിരിയിലെത്തി നാരായണ ഗുരുവിനെ കണ്ടിരുന്നു.
ശ്രീനാരായണ ധര്‍മ്മസംഘം സെക്രട്ടറിയായിരുന്ന സ്വാമി ധര്‍മ്മതീര്‍ത്ഥ സംഘത്തിന്റെ ഉപദേഷ്ടാവായിരുന്നു. ഡോ.പല്പു അടക്കമുള്ള വിവിധ സാമുദായിക നേതാക്കന്മാരുമായി ബന്ധമുണ്ടായിരുന്നു. 101 സന്ന്യാസികളുമായി പദയാത്രയായി കവടിയാര്‍ കൊട്ടാരത്തിലെത്തി ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിനെ കണ്ട് പിന്നാക്ക ജനതയുടെ ഉന്നമനത്തിനായുള്ള നടപടികള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും നവോത്ഥാനചരിത്രത്തില്‍ ശുഭാനന്ദഗുരു എപ്രകാരമൊക്കെ ഇടപ്പെട്ടു എന്നതിന്റെ നേര്‍സാക്ഷ്യമാണ്. സര്.സി.പി. രാമസ്വാമിഅയ്യരുടെ പ്രോത്സാഹനത്തില്‍ സ്ഥാപിതമായ കേരള ഹിന്ദുമിഷന്റെ ‘ശുദ്ധികര്മ്മാധികാരി’ ആയിരുന്നു.
ഇപ്രകാരം അനേകം രീതികളില്‍ ശുഭാനന്ദഗുരു ആത്മബോധോദയസംഘത്തെ നയിച്ച് ആധ്യാത്മികവും സാമൂഹികവുമായ ചലനങ്ങള്‍ ഉണ്ടാക്കി. മതംമാറ്റത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ചു. അദ്ദേഹത്തിന്റെ സമാധിക്ക് ശേഷം ആനന്ദജി ഗുരുദേവന് ഗുരുപ്രസാദ് ഗുരുദേവന് എന്നിവരെ തുടര്‍ന്ന് സദാനന്ദ സിദ്ധ ഗുരുദേവന് സംഘത്തെ നയിച്ചു. ഇപ്പോള്‍ കേരളത്തിന് അകത്തും പുറത്തുമായി 43 ആശ്രമങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇവയുടെ കേന്ദ്രം മാവേലിക്കര ചെറുകോലില്‍ ഉള്ള ശ്രീശുഭാനന്ദാശ്രമം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: