കളമശ്ശേരി: കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി രാജി വച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ഏലൂര്‍ നഗരസഭ 29-ാം ഡിവിഷനില്‍ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഇതിന് ഡിവിഷനിലെ വോട്ടര്‍മാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 30 വരെ പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷിക്കാനും തെരെഞ്ഞെടുപ്പു കമ്മീഷന് അവസരം നല്‍കിയിട്ടുണ്ട്.
ഏലൂര്‍ നഗരസഭ 29-ാം ഡിവിഷന് കൗണ്‍സിലറും കോണ്‍ഗ്രസ് വിമതനുമായ ആഗ്നസ് ജോസഫ് രാജിവച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പു ഫലം എന്തായാലും നിലവിലെ ഇടത് മുന്നണി ഭരണത്തിനെ ബാധിക്കില്ല. ആകെയുള്ള 31 സീറ്റുകളില്‍ 18 കൗണ്‍സിലര്‍മാരുമായി ഭരണമുന്നണി സുരക്ഷിതമാണ്.
സിറ്റിംഗ് കൗണ്‍സിലറായിരുന്ന തന്നെ കോണ്‍ഗ്രസ് വീണ്ടും പരിഗണിച്ചില്ലെന്ന പേരിലാണ് റിബലായി ആഗ്നസ് ജോസഫ് 29-ാം വാര്‍ഡില്‍ മത്സരിച്ചത്. തുടര്‍ച്ചയായി ആറു മാസം വിദേശത്ത് ചെലവഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. വിദേശത്തായ ഇവര്‍ കൊറിയറായി നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് അയയ്ക്കുകയായിരുന്നു.
2015ല്‍ ആകെ പോള്‍ ചെയ്ത 907 വോട്ടില്‍ 388 വോട്ട് നേടി വിമതനായി ആഗ്നസ് വിജയിച്ചപ്പോള്‍ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ് എത്തിയത്. 220 വോട്ടാണ് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫിന് ലഭിച്ചത്. തൊട്ടു പിന്നില്‍ 154 വോട്ട് ബിജെപിക്കും 145 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും കിട്ടി.
പരമ്പരാഗതമായി കോണ്‍ഗ്രസ് ഡിവിഷനായതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഏലൂരിലെ കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് തന്നെ അവസരം നല്‍കണമോയെന്ന് ഇരു മുന്നണികളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പട്ടികയില്‍ മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: