കല്‍പ്പറ്റ:കേരള വെറ്ററിനറി സ ര്വ്വകലാശാലയിലെ സര്‍ക്കാര്‍ മെറിറ്റിലുള്ള ബിവിഎസ്സി സീറ്റുകള്‍ കൂട്ടിയതിന് കേരളാ ഹൈക്കോടതി ഇടക്കാല സ്റ്റേ നല്കി. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. നിലവില്‍ വെറ്ററിനറി സര്‍വ്വകലാശാല മാത്രമാണ് വെറ്ററിനറി ബിരുദത്തിനുള്ള കോഴ്സുകള്‍ കേരളത്തില്‍ നടത്തുന്നത്. ഈ കോഴ്സിനുള്ള എല്ലാം സീറ്റുകളും സര്‍ക്കാര്‍ സീറ്റുകളാണ്. എസ്എഫ്ഐ നീക്കംവഴി 35ഓളം സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ബിരുദകോഴ്സില്‍ പ്രവേശനം പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളും വെട്ടിലാകും.
മൃഗസംരക്ഷണ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന മൃഗ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍വ്വകലാശാല സീറ്റുകള്‍ കൂട്ടിയത്. എന്നാല്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എതിര്‍ത്തത്. ഇതിന്റെ പേരില്‍ കോളേജില്‍ സമര പരമ്പര തന്നെ നടന്നു. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ സീറ്റ് വര്‍ദ്ധിപ്പിച്ചതിന് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സര്‍വ്വകാലാശാലയിലെ ചില ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും തമ്മില്‍ നടന്ന ഒത്തുകളിമൂലമാണ് കോടതി വിധി ഇത്തരത്തിലായത്. ഇടക്കാല വിധിക്കെതിരെ നീക്കം നടത്തുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി സുനില്‍കുമാര്‍ ഇടപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ വിഎച്ച്എസ്സി വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാല നടത്തുന്ന ഡിപ്ലോമ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുമായി അധികമായി വിഭാവന ചെയ്ത പത്ത് സീറ്റുകള്‍ റദ്ദ് ചെയ്ത് സപ്തംബര്‍ 27ന് സര്‍വ്വകലാശാല ഉത്തരവിറക്കി. കോളേജിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതോടൊപ്പം സ്ഥാപനത്തെ തൃശ്ശൂര്‍ ജില്ലയിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
95 ശതമാനം വിദ്യാര്‍ത്ഥികളും അന്യജില്ലക്കാരായതിനാ ല്‍ വിദ്യാര്‍ത്ഥിസമരങ്ങളും വിജയിക്കുന്നു. ക്യാമ്പസിലെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചെന്നൈ ഹരിതട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിട്ടുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച താമസസൗകര്യമാണ് സ ര്‍വ്വകലാശാല ഒരുക്കിയിരിക്കുന്നത്. പ്രതിമാസം നാലുലക്ഷംരൂപ വാടകനല്കി വിദ്യാര്‍ത്ഥികളെ ഫഌറ്റുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രതിമാസം മൂന്ന് ലക്ഷംരൂപ ചിലവില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒരു സര്‍വ്വകലാശാലയിലും കേട്ടുകേഴ്വി പോലുമില്ലാത്ത സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എസ്എഫ്ഐക്കാര്‍ കോളേജില്‍ അഴിഞ്ഞാടുകയാണ്. സ്ഥലം എംഎല്‍എയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. ക്യാമ്പസ് വിപുലീകരണത്തിന് നാലുകോടി അനുവദിച്ചെങ്കിലും അത് ചിലവഴിക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ചിരിക്കുകയാണ്. ഹരിത ട്രൈബ്യൂണലിന്റെ കേസിലും സര്‍വ്വകലാശാല ലീഗല്‍സെല്‍ മെല്ലെപോക്ക് തുടരുകയാണ്. സര്‍വ്വകലാശാല ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരെല്ലാം അധികചുമതല നോക്കുന്നവരാണ്. സ്ഥിരനിയമനമില്ലാത്തതാണ് പ്രധാനശാപം. ജോലി പരിചയമോ പ്രാവീണ്യമോ സീനിയോറിറ്റിയോ നോക്കാതെ ഇഷ്ടംപോലെയാണ് ഇവിടുത്തെ നിയമനം. വൈസ് ചാന്‍സിലര്‍ നിയമനംപോലും ഇതുവരെ നടന്നില്ല. ഇത്തരത്തിലായാല്‍ സര്‍വ്വകലാശാല വൈകാതെ വയനാടിന് നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: