കോഴഞ്ചേരി: കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂള്‍ കൃഷിത്തോട്ടത്തിലേക്ക് അയല്‍വാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ നിന്നും മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. സ്കൂളിലെ കളിസ്ഥലത്തിലൂടെ അയല്‍വാസിയുടെ മറ്റൊരു വസ്തുവിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചതായും പരാതിയുണ്ട്.
ഒന്നുമുതല്‍ പത്താംക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോഴഞ്ചേരി ടൗണില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ സ്കൂളാണിത്. സ്ഥലപരിമിതികാരണം കളിസ്ഥലവും കൃഷിയിടവും എല്ലാം ക്ലാസ്മുറിക്ക് സമീപത്തുതന്നെയാണ്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഈ മതില്കെട്ടിനുള്ളിലാണ്. ഇവിടേക്കാണ് അയല്‍വാസി മാലിന്യമൊഴുക്കുന്നത്.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ഹൈടെക് സ്കൂള്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആറന്മുള മണ്ഡലത്തില്‍ ജില്ലയില്‍നിന്ന് ആദ്യം തെരഞ്ഞെടുത്ത സ്കൂളാണിത്. ഈ സ്കൂളിന് അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പ്രദേശത്തെ സാധാരണക്കാരായ കുട്ടികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത ഈ സ്കൂളിലാണ് അനധികൃതമായി കൈയ്യേറ്റം നടത്തി പൈപ്പ് സ്ഥാപിക്കുകയും മലിന ജലം ഒഴുക്കുകയും ചെയ്യുന്നത്.
പൂജയെടുപ്പ് ആഘോഷങ്ങളുടെ ഭാഗമായി നാലുദിവസം തുടര്‍ച്ചയായുണ്ടായ അവധിയുടെ മറവിലാണ് 200 മീറ്ററോളം ദൂരത്തില്‍ അനധികൃതമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. സ്വകാര്യവ്യക്തിയുടെ അനധികൃത നടപടിയെക്കുറിച്ച് സ്കൂള്‍ അധികാരികള്‍ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്കും ജില്ലാ പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: