ഭാരത സര്‍ക്കാരിന് കീഴില്‍ ചണ്ടിഗഢിലെ പോസ്റ്റ്ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (PGIMER)2018 ജനുവരിയില്‍ ആരംഭിക്കുന്ന എംഡി/എംഎസ്, ഹൗസ് ജോബ് ഓറല്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 800 രൂപ മതി. ഭിന്നശേഷിക്കാരെ (പിഡബ്ല്യുഡി) അപേക്ഷാ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഇ-ചെലാന്‍ വഴി പവര്‍ജ്യോതി അക്കൗണ്ട് നമ്പരില്‍ (A/c No. 32211613319) നിര്ദ്ദേശാനുസരണണം അപേക്ഷാഫീസ് അടയ്ക്കാം. നവംബര്‍ മൂന്ന് വരെ ഫീസ് സ്വീകരിക്കും. www.pgimer.edu.in എന്ന വെബ്സൈറ്റിലൂടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്.
റസിഡന്‍സി സര്‍വീസ്-കം-ട്രെയിനിങ് പദ്ധതിപ്രകാരം എംഡി/എംഎസ് കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നവരെ ജൂനിയര്‍ റസിഡന്റ്സ് ആയിട്ടാണ് പരിഗണിക്കുന്നത്. ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. മൂന്നുവര്‍ഷത്തെ കോണ്‍ട്രാക്ട് സര്‍വ്വീസ് നിര്‍വഹിച്ചുകൊള്ളാമെന്ന് കരാറില്‍ ഒപ്പുവച്ച് നല്‍കേണ്ടതുണ്ട്.
ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച എംബിബിഎസ് ബിരുദമെടുത്ത് 2017 ഡിസംബര്‍ 31 നകം ഒരുവര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സെന്‍ട്രല്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം.
മൂന്നു വര്‍ഷമാണ് എംഡി/എംഎസ് കോഴ്സുകളുടെ കാലാവധി. പട്ടികജാതി/വര്‍ഗ്ഗം, ഒ.ബി.സി, ഭിന്നശേഷിക്കാര്‍, ഗ്രാമീണ മേഖലയില്‍ ജോലി നോക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സീറ്റുകളില്‍ ചട്ടപ്രകാരമുള്ള സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ സ്പെഷ്യലൈസേഷനുകളും സീറ്റുകളും http://pgimeradmissions.net.in/mdms/notification-aspx- എന്ന വെബ്സൈറ്റ് ലിങ്കിലുണ്ട്.
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍, വാഴ്സിറ്റി അഫിലിയേഷനുള്ള പൊതുമേഖലയില്‍പ്പെടുന്ന കോളേജുകള്‍ മുതലായവ സ്പോണ്സര്/ഡെപ്യൂട്ട് ചെയ്യുന്നവരെയും പരിഗണിക്കും. 2017 ഡിസംബര്‍ 31 ന് മൂന്ന് വര്‍ഷത്തില്‍ കുറയാതെ ജോലിചെയ്യുന്നവരെയാണ് ഈ കാറ്റഗറിയില്‍ പരിഗണിക്കപ്പെടുക. അപേക്ഷ ബന്ധപ്പെട്ട മേലധികാരികള്‍ മുഖേന സമര്‍പ്പിക്കണം. ഇങ്ങനെ സ്പോണ്സര് ചെയ്യപ്പെടുന്നവരും സെലക്ഷന് ടെസ്റ്റ് അഭിമുഖീകരിക്കണം.
പ്രവാസി ഇന്ത്യക്കാര്‍ക്കും നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയെഴുതണം.
2017 നവംബര്‍ 26 ന് ചണ്ഡിഗഢിലെ വിവിധ കേന്ദ്രങ്ങളിലായിട്ടാവും എന്‍ട്രന്‍സ് പരീക്ഷ നടത്തുക. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ അപ്ലൈഡ് അനാട്ടമി, അപ്ലൈഡ് ബയോകെമിസ്ട്രി, ഇമ്മുനോജനിറ്റിക്സ് ആന്റ് മോളിക്യുലര്‍ ബയോളജി, അപ്ലൈഡ് ഫിസിയോളജി, പാതോളജി, ഫാര്‍മാക്കോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്, സോഷ്യല്‍ ആന്റ് പ്രിവന്റീവ് മെഡിസിന്, ഇന്റേണല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഡെര്‍മറ്റോളജി, സൈക്യാട്രി, റേഡിയോഡെയ്ഗനോസിസ്, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, റേഡിയോതെറാപ്പി, ജനറല്‍ സര്‍ജറി, ഓഫ്താല്മോളജി, ഓര്‍ത്തോപീഡിക്സ് മുതലായ വിഷയങ്ങളില്‍ 250 ചോദ്യങ്ങളുണ്ടാവും. ഓറല്‍ ഹെല്‍ത്ത് സയന്‍സ് പ്രവേശനപരീക്ഷ ഡിസംബര്‍ 10 ന് നടക്കും. പരീക്ഷാ തീയതിയും മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളും www.pgimer.edu.in- എന്ന വെബ്സൈറ്റിലുണ്ട്. മെരിറ്റ്ലിസ്റ്റില്പ്പെടുന്നവരെ കൗണ്‍സലിംഗ് നടത്തിയാണ് അഡ്മിഷന് നല്‍കുക. വൈദ്യപരിശോധനയും ഉണ്ടാകും. ഡിസംബര്‍ 31 നകം അഡ്മിഷന് പൂര്‍ത്തിയാക്കും.
എംഡി/എംഎസ് കോഴ്സുകളില്‍ അഡ്മിഷന് ലഭിക്കുന്നവര്‍ രജിസ്ട്രേഷന് ഫീസ്- 500 രൂപ, വാര്‍ഷിക ട്യൂഷന് ഫീസ്- 250 രൂപ, വാര്‍ഷിക ലബോറട്ടറി ഫീസ്- 900 രൂപ, വാര്‍ഷിക അമാല്‍ഗമേറ്റഡ് ഫണ്ട്- 720 രൂപ, സെക്യൂരിറ്റി- 1000 രൂപ, ഹോസ്റ്റല്‍ സെക്യൂരിറ്റി 5000 രൂപ എന്നിങ്ങനെ നല്‍കണം.
മൂന്നുവര്‍ഷത്തെ എംഡി/എംഎസ് പഠന കാലയളവില്‍ ജൂനിയര്‍ റസിഡന്റ്സിന് പ്രതിമാസം 56100 രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭ്യമാകും. ചുരുങ്ങിയ നിരക്കില്‍ ഹോസ്റ്റല്‍ താമസസൗകര്യവും ലഭിക്കും. പ്രവേശനം ലഭിച്ചു കഴിഞ്ഞ് ഒരു മാസത്തിനകം പിരിഞ്ഞുപോകുകയാണെങ്കില്‍ ഒരു ലക്ഷം രൂപയും ആറ് മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ പോകുന്നവര്‍ 5 ലക്ഷം രൂപയും പിഴ ഒടുക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ www.pgimer.edu.in എന്ന വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: