കോഴിക്കോട്: മാര്‍ക്സിസ്റ്റ് അസഹിഷ്ണുതയ്ക്ക് മുമ്പില്‍ മുട്ടു മടക്കില്ലെന്ന് പ്രഖ്യാപിച്ച് അക്രമത്തെ ധീരതയോടെ നേരിട്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ബലിദാനത്തിന്റെ സ്മരണകളിരമ്പുന്ന കടത്തനാട്ടിലൂടെ, അന്‍പത്തൊന്ന് വെട്ടുകളുടെ ചോര വീണ മണ്ണിലൂടെ ജിഹാദി ഭീകരതയുടെ പരീക്ഷണശാലയായ മാറാട് കൂട്ടക്കക്കൊലയുടെ ചരിത്രം മറക്കാത്ത മണ്ണിലൂടെ ജനരക്ഷായാത്രയുടെ മുന്നേറ്റം. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ ഇന്നലെ സമാപന സമ്മേളനം നടന്ന മുതലക്കുളം വരെ ജനസഹസ്രങ്ങളാണ് യാത്രയെ എതിരേറ്റത്.
സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിന്റെ ആദ്യ ഇരയായ വാടിക്കല്‍ രാമകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് എല്ലാവര്ക്കും ജീവിക്കണമെന്ന സുപ്രധാന മുദ്രാവാക്യവുമായി ജനരക്ഷായാത്രക്ക് ഇന്നലെ തുടക്കം കുറിച്ചത്.
രാവിലെ പത്തു മണിയോടെ അഴിയൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് യാത്രയെ സ്വീകരിച്ചു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയേകി. യാത്രാ നായകന് കുമ്മനം രാജശേഖരന് തിലകം ചാര്‍ത്തി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒരുക്കിയ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര ആദ്യ സ്വീകരണ സ്ഥലമായ വടകരയിലെത്തി. റോഡിനിരുവശവും വന്‍ ജനാവലിയാണ് ഒഞ്ചിയത്തെ നാദാപുരം റോഡിലും മടപ്പള്ളിയിലും യാത്ര കാണാനെത്തിയത്.
വടകരയില്‍ വന്‍ ജനസഞ്ചയമാണ് യാത്രയെ സ്വീകരിച്ചത്. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന പൊതുസമ്മേളനം വടകര ഈയടുത്തൊന്നും ദര്‍ശിക്കാത്ത ജനപങ്കാളിത്തമുള്ള രാഷ്ട്രീയ സമ്മേളനമായി മാറി. സമ്മേളനം ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് അബ്ദുള്‍റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. പയ്യോളിയില്‍ കൊല്ലപ്പെട്ട ബിഎംഎസ് നേതാവ് സി.ടി. മനോജ്കുമാറിന്റെ സ്മരണകള്‍ തിങ്ങിയ പയ്യോളിയിലൂടെ യാത്ര കൊയിലാണ്ടിയിലേക്ക് നീങ്ങി.
നട്ടുച്ചയിലെ പൊരിവെയിലിലും ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ ജനക്കൂട്ടം ഒഴുകിയെത്തി. കൊയിലാണ്ടിയില്‍ നടന്ന സമ്മേളനം കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു. ആവേശകരമായ സ്വീകരണമാണ് യാത്രാ നായകന് കുമ്മനം രാജശേഖരന് കൊയിലാണ്ടിയിലെ പൗരാവലി ഒരുക്കിയത്.
എലത്തൂരിലെ ചെട്ടികുളത്തു നിന്ന് ആരംഭിച്ച പദയാത്രയില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. കേരളത്തില്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് നാന്ദി കുറിക്കുന്ന ജനമുന്നേറ്റമായി അത് മാറുകയായിരുന്നു. ആവേശപൂര്‍വം ആയിരക്കണക്കിന് യുവാക്കള്‍ യാത്രയെ ഊര്ജ്ജസ്വലമാക്കിയപ്പോള് പ്രായമേറെ ചെന്നവരും അടങ്ങാത്ത ആവേശമായി യാത്രയില്‍ നേതാക്കളൊടൊപ്പം ചേര്‍ന്നു.
സ്ത്രീകളുടെ പങ്കാളിത്തമാണ് യാത്രയെ ശ്രദ്ധേയമാക്കിയത്. പത്ത് കിലോമീറ്റര്‍ നടന്ന് യാത്ര മുതലക്കുളത്തെത്തിയപ്പോള് മുതലക്കുളവും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഉദ്ഘാടനം ചെയ്തു.
ജിഹാദി ഭീകരതയെ പിന്തുണയ്ക്കുന്ന ഇരു മുന്നണികള്‍ക്കുള്ള താക്കീതും ചുവപ്പു ഭീകരതയെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ അടിയറവ് പറയിക്കുമെന്ന മുന്നറിയിപ്പും നല്‍കിക്കൊണ്ടാണ് സമാപന സമ്മേളനം ഏറെ വൈകി അവസാനിച്ചത്. യാത്ര ഇന്ന് വേങ്ങര വഴി കുറ്റിപ്പുറത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: