അടൂര്‍: ഏറത്ത് പഞ്ചായത്ത് കെഐപി അധികൃതര്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കി കനാല്‍ നിര്‍മിച്ചെങ്കിലും വെള്ളം ഒഴുകിയത് കുറച്ചു നാള് മാത്രം.
എണ്‍പതോളം കുടുംബങ്ങള്‍ക്ക് വേനലിലും ജലലഭ്യത ഉറപ്പ് വരുത്തിയ കനാല്‍ ഇന്ന് കാടും മണ്ണും കയറി അടഞ്ഞ നിലയിലാണ്. കളത്തട്ട് ജംങ്ഷനില്‍ നിന്നും ആരംഭിച്ച് തെക്കേക്കരപടി വഴി ഇടപ്പാല വിളപ്പടിയില് എത്തുന്ന കെഐപി സബ് കനാലില്‍ ഇപ്പോള്‍ നീരൊഴുക്കില്ലാതെ വറ്റിവരണ്ട് കാടുകയറി കിടക്കുന്നു.
ജനങ്ങള്‍ പണം ചിലവാക്കി കനാല്‍ വൃത്തിയാക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. കെഐപി അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കനാലിലൂടെ വെള്ളം ഒഴുക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എംഎല്‍എ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ലത്രെ.
കടുത്ത വേനലില്‍ നാടിനാകെ ആശ്വാസമാകേണ്ട കനാല്‍ ശൃംഖല അശാസ്ത്രീയമായ നിര്‍മ്മാണം മുലം വെളളമൊഴുകാതെ നോക്കുകുത്തിയായി. നിര്‍മ്മാണത്തിലെ അപാകതയും അധികൃതരുടെ അനാസ്ഥയും മൂലം വെള്ളമൊഴുകാതെ വരണ്ടുണങ്ങിയ കനാലിന് അവഗണനയുടെയും അധികാരികളുടെ കെടുകാര്യസ്ഥതയുടേയും കഥകളാണ് പറയാനുള്ളത്. മണ്ണ് കുഴിച്ച് പാത്തി വെട്ടി കനാല്‍ രൂപത്തിലാക്കുക മാത്രമാണ് ആകെ ചെയ്തത്. ജലസേചനത്തിന് നിര്‍മ്മിച്ച കനാലില്‍ വെള്ളം എത്താത്തതിനാല്‍ വേനല്‍കാലത്ത് പ്രദേശത്തെ കൃഷികള്‍ കരിഞ്ഞുണങ്ങിയിരുന്നു. വെള്ളം ഒഴുക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത് കടന്ന് പൊകുന്ന പ്രദേശങ്ങളിലെ കൃഷിക്കും സമീപത്തെ കിണറുകള്‍ക്കും തുണയായുമായിരുന്നു. മഴക്കാലത്ത് മണ്ണ് കനാലിലേക്ക് ഇടിഞ്ഞ് ഇറങ്ങിയത് കാരണം പല ഭാഗത്തും കനാല്‍ നികന്നുകഴിഞ്ഞു. കൂടാതെ വിവിധ ഭാഗങ്ങളില്‍ കനാല്‍ അടഞ്ഞുകിടക്കുകയുമാണ്.
കനാല്‍ നിര്‍മിച്ചിട്ട് വെള്ളം ലഭിച്ചില്ലെന്ന് മാത്രമല്ല പലരുടെയും ഒന്നിച്ച് കിടന്നിരുന്ന വസ്തുക്കള്‍ പലഭാഗങ്ങളായി മാറിയെന്നും നാട്ടുകാര്‍ പറഞ്ഞു. കോടികള്‍ മുടക്കി നിര്‍മിച്ച കനാലിലൂടെ വെള്ളം ഒഴുക്കിവിടാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷാധവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: