മുംബൈ: 2018ഓടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏഷ്യന്‍ വിപണിയെന്ന പേര് ചൈനയെ മറികടന്ന് ഇന്ത്യ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. റേറ്റിംഗ് ഏജന്‍സിയായ മൂഡീസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലെ വളര്‍ച്ച താഴ്ന്നിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ആറ് ശതമാനത്തില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം 2.5-3 ശതമാനത്തിലേക്കാണ് വളര്‍ച്ചയ്ക്ക് ഇടിവുണ്ടായത്.
എണ്ണ ആവശ്യകതയിലുണ്ടായ ആറ് ശതമാനം വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ വിപണി കരുത്താര്‍ജിക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും വളര്‍ച്ചാ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഏഷ്യയില്‍ എണ്ണ മേഖലയിലെ വളര്‍ച്ചയെ നയിക്കുന്ന ശക്തികളായി ഇന്ത്യയും ചൈനയും തുടരുമെന്ന് മൂഡീസ് പറയുന്നു.
ഏഷ്യന്‍ എണ്ണ വിപണിയില്‍ 2018-ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയുടെ 80 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ രാജ്യങ്ങളായിരിക്കുമെന്നും മൂഡീസ് വ്യക്തമാക്കി. 2018-ല്‍ ഏഷ്യ പസഫിക് മേഖലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലുള്ള വളര്‍ച്ച മിതമായ തരത്തില്‍ ഉള്ളതായിരിക്കുമെന്നും മൂഡീസ് പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോകുകയാണെങ്കില്‍ എണ്ണ ആവശ്യകതയില്‍ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് മൂഡീസ് പറയുന്നത്. ചൈനയില്‍ റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലുള്ള വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നാണ് മൂഡീസ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: