പത്തനംതിട്ട: മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച ചിറ്റാറിലെ ജനവാസകേന്ദ്രത്തില്‍ എത്തിയ പുലി വളര്‍ത്തു നായയെ കടിച്ചുകൊന്നു. തേരകത്തും മണ്ണില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പുതുപറമ്പില്‍ ലാലു വിന്റെ വീട്ടിലെ വളര്‍ത്തു നായയെ ആണ് കൊന്നത്.
ശനിയാഴ്ച രാത്രി 8 മണിയോടെ ലാലുവിന്റെ പറമ്പിലെ കൃഷിയിലെ കാവല്‍ പുരയില്‍ കെട്ടിയിട്ടിരുന്ന പട്ടിയെ പുലി ആക്രമിച്ചിരുന്നു. ഇതിനു ശേഷം 12 മണിയോടെ പുലി വീണ്ടും വന്നു നായയെ കടിച്ചു തിന്നുകയായിരുന്നു.
നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സമീപത്തു താമസിക്കുന്ന തടത്തില്‍ വീട്ടില്‍ ശ്രീജുവും ഭാര്യ നിഷയും എഴുന്നേറ്റ് മുറ്റത്തിറങ്ങി ലൈറ്റിട്ടു നോക്കിയപ്പോള്‍ പുലി പട്ടിയുടെ മാംസവുമായി സമീപത്തെ കുറ്റി കാട്ടിലേക്ക് ഓടി മറയുന്നത് കണ്ടു.
തേരകത്തുംമണ്ണില്‍ ദേവീക്ഷേത്രത്തിനു സമീപത്ത് ജനവാസ കേന്ദ്രത്തിലാണ് പുലി ഇറങ്ങിയത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ പെട്ടതാണ് പ്രദേശം.വനത്തിനോട് ചേര്‍ന്ന ജനവാസ മേഖലയായ ഇവിടെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പുലി യുടെ സാന്നിധ്യം പ്രദേശവാസികളെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 22ന് ചിറ്റാര്‍ പ്രദേശത്തും 27ന് കോന്നി കല്ലേലിയിലും പുലിയിറങ്ങിയിരുന്നു. രണ്ടിടത്തും ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ റബ്ബര്‍ തോട്ടങ്ങളിലാണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. ളാഹ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ഹരിയുടെ പശുക്കിടാവിനെ അന്ന് പുലി കൊന്നു തിന്നു. എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗ്രേസി പുലിയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് അന്ന് വനപാലകരെത്തി പുലിയുടെ കാല്പാടുകള് സ്ഥിരീകരിച്ചിരുന്നു.
വീണ്ടും പ്രദേശത്ത് പുലിയിറങ്ങിയ സാഹചര്യത്തില്‍ വനംവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ടാപ്പിംഗ് തൊഴിലാളികളടക്കം അധിവസിക്കുന്ന പ്രദേശത്ത് പുലര്‍ച്ചെ തനിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയുള്ളതിനാല്‍ പുലിയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ഏറെ ആശങ്കയുളവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: