പട്ടാമ്പി:ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും വല്ലപ്പുഴ ഷോപ്പിംഗ് കോപ്ലക്സ് പ്രവര്‍ത്തനം തുടങ്ങാത്തത് യുഡിഎഫിലെ ഭിന്നത മൂലം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2015 ആഗസ്ത് 9ന് ഇരുപത്തിയഞ്ച് ശതമാനം പോലും പണി പൂര്‍ത്തിയാകാതെ തന്നെ ഷോപ്പിംഗ് കോപ്ലക്സ് ഉദ്ഘാടനം നടത്തുകയായിരുന്നു യുഡിഎഫ് ഭരണസമിതി .ഒരു കോടി 93 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച കോപ്ലക്സിന് ഇതുവരെയും നമ്പറോ വൈദ്യുതിയോ ലഭിച്ചിട്ടില്ല. മൂന്ന് നിലകളിലായി 12400 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിച്ചത്. 1 കോടി 42 ലക്ഷം രൂപ ലോണും ബാക്കി തുക പ്ലാന്‍ ഫണ്ടില്‍ നിന്നും എടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് പണം നല്‍കേണ്ടി വന്നത് മൂലം പല പദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് . കൂടാതെ പലിശയിനത്തില്‍ വലിയൊരു സംഖ്യ ഓണ്‍ ഫണ്ടില്‍ നിന്ന് നീക്കിവെക്കേണ്ടി വരികയും ചെയ്യുന്നത് വല്ലപ്പുഴ പഞ്ചായത്തിനെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നു.
പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയത് നിലവിലെ പ്രസിഡന്റാണെന്നും ആ തുക അവരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന് രംഗത്ത് വന്നത് യുഡിഎഫിലെ ഭിന്നത പുറത്ത് കൊണ്ടുവന്നു. നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ 25ശതമാനം പോലും പണി പൂര്‍ത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്തത് അനവസരത്തിലായെന്നും മുന്‍ധാരണയില്ലതെ ഭീമമായ സാമ്പത്തിക ബാധ്യത പഞ്ചായത്തിന് മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനി കുറ്റപ്പെടുത്തി. യുഡിഎഫിലെ തന്നെ നിലവിലെയും മുമ്പത്തെയും പ്രസിഡന്റുമാര്‍ ഏറ്റുമുട്ടുന്നത് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കെട്ടിടത്തിന് വൈദ്യുതിയും നമ്പറും ലഭിക്കാത്തതുമൂലം ലേല നടപടി സ്വീകരിക്കാനും സാധിക്കുന്നില്ല. ഉദ്ഘാടനം നീണ്ട് പോകുന്നത് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും മറ്റ് ക്ഷേമ പദ്ധതികളെയും ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഷോപ്പിംഗ് കോപ്ലക്സുമായി ബന്ധപ്പെട്ട് അഴിമതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോപ്ലക്സ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണമെന്ന ആവശ്യവുമായി എല്‍ഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: