പലരും പലപ്പോഴും എഴുതിയിട്ടുള്ളതാണ്, ഭാഗ്യക്കുറി സമ്മാനത്തുകയെപ്പറ്റി. ഭാഗ്യക്കുറി ഒരു കണക്കിനൊരു ചൂതാട്ടമാണ്. അന്തരിച്ച മന്ത്രി പി.കെ. കുഞ്ഞാണ് ഭാഗ്യക്കുറിയുടെ ഉപജ്ഞാതാവ്. അതിനു മുമ്പും ചില സ്വകാര്യ സംഘടനകള്‍ ഭാഗ്യക്കുറി നടത്തിയിരുന്നു. കൂപ്പണ്‍ നറുക്കെടുപ്പും ഒരു കണക്കിലൊരു ഭാഗ്യക്കുറിയാണ്. മുതല്‍മുടക്കി ഉല്പന്നം വാങ്ങുമ്പോഴാണല്ലോ കൂപ്പണ്‍ ലഭിക്കുന്നത്.
ഭാഗ്യക്കുറി ടിക്കറ്റ് വാങ്ങുന്നത് ഏറിയ പങ്കും സാധാരണക്കാരാണ്. ഭാഗ്യക്കുറിയില്നിന്നുള്ള ലാഭം സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ളവര്‍ രംഗം വിട്ടപ്പോള്‍, മറ്റു സംസ്ഥാന ലോട്ടറി നിരോധിച്ചപ്പോള്‍, സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലാഭം കൂടി.
മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഭാഗ്യക്കുറി സംവിധാനത്തില്‍ പല പരിഷ്കാരങ്ങളും കൊണ്ടുവന്നു. ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഇന്ന് ഭാഗ്യക്കുറിയുണ്ട്. പിന്നെ ആണ്ടു വിശേഷങ്ങള്‍ക്ക് ബംബര്‍ സമ്മാനങ്ങളും.
ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ടിക്കറ്റുകള്ക്കൊക്കെ ഒരേകീകൃത തുക, മുപ്പത് രൂപ നടപ്പാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിനാളുകളാണ് ഭാഗ്യക്കുറി വില്പനയുമായി ഉപജീവനം കഴിക്കുന്നത്, അതിലേറെപ്പേരും വികലാംഗരുമാണ്. ഭാഗ്യക്കുറി ലഭിച്ചവര്‍ക്ക് കൂടുതല്‍ തുക നല്കി ടിക്കറ്റ് വാങ്ങിയിരുന്നുവെന്നൊക്കെ മുന്‍പ് വാര്‍ത്തയുണ്ടായിരുന്നു. നികുതി കഴിച്ചാണല്ലോ സമ്മാനത്തുക ലഭിക്കുന്നത്.
ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ തുക 10 കോടി രൂപയാണല്ലൊ ഓണത്തിനു സമ്മാനമായി നല്‍കുന്നത്. ഇതിനുമുമ്പ് കഴിഞ്ഞവര്‍ഷം എട്ടു കോടി രൂപയായിരുന്നു. ഒാണം ഭാഗ്യക്കുറിക്ക് അറുപത് കോടി രൂപയോളം സമ്മാനത്തുകയായി നല്‍കേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു.
10 കോടി ഒറ്റയടിക്കെന്തിന് ഒരാള്‍ക്കുതന്നെ നല്കുന്നു. കോടീശ്വരന്മാരെ സൃഷ്ടിക്കാന്‍. അത് പത്തുപേര്‍ക്കായി നല്കാമല്ലോ. അപ്പോള്‍ അമ്പതുലക്ഷം വീതം 20 പേര്‍ക്ക്. സാധാരണക്കാരന് 50 ലക്ഷം ലഭിച്ചാല്‍ അതൊരു വലിയ ആശ്വാസമല്ലെ. ഉള്ളവരെ കൂടുതല്‍ ഉള്ളവനാക്കുന്നതാണല്ലൊ നമ്മുടെ സോഷ്യലിസം. നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ പരാജയവും അതുതന്നെയാണ്.
ഭാഗ്യക്കുറിയുടെ ബംബര്‍ നറുക്കെടുപ്പുകൡ ഭീമമായ ഒരുതുക ഒരു വ്യക്തിക്ക് നല്കുന്ന സമ്പ്രദായത്തിനൊരു മാറ്റം വരുത്തണം. മാറിയ ജീവിത സാഹചര്യത്തില്‍ ജീവിത നിലവാരമുയര്‍ന്നപ്പോള്‍, ലക്ഷപ്രഭുക്കളുടെ സ്ഥാനം കോടീശ്വരന്മാര്ക്കാണല്ലോ.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: