തൃപ്പൂണിത്തുറ: പക്ഷികളെപ്പോലെ ചിറക് വിരിച്ച് മേഘങ്ങള്‍ക്കിടയിലൂടെയുള്ള ആകാശ സഞ്ചാരത്തെ സ്വപ്നം കണ്ടു നടന്ന ഈ കുരുന്നുകള്‍ ഒടുവില്‍ അവരുടെ സ്വപ്ന സാക്ഷാത്ക്കാരങ്ങള്‍ക്ക് ചിറകുമുളക്കുന്നതിന്റെ സന്തോഷത്തില്‍.ഏറെക്കാലം മനസ്സില്‍ കൊണ്ടു നടന്ന തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നാളെ അവര്‍ ആകാശയാത്ര നടത്തും. കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വരെയാണ് ആകാശയാത്ര നടത്തുന്നത്.
സര്‍വശിക്ഷാ അഭിയാന് തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള വിവിധ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ 50 കുട്ടികളാണ് വിമാനയാത്രയ്ക്കൊരുങ്ങുന്നത്. നാളെ രാവിലെ 9 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ ഫ്ളൈറ്റില്‍ ആണ് യാത്ര. തിരുവനന്തപുരം വിമാനത്താവളത്തില്‍ കുട്ടികളെ സ്വീകരിക്കാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുണ്ടാകും.തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, കൂടാതെ സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം. ശേഷം വോള്‍വോ എ.സി ബസ്സില്‍ കൊച്ചിയിലേക്ക് മടക്കയാത്ര.
ഉദയംപേരൂരില്‍ സണ്‍റൈസ് ഫിറ്റ്നസ് സെന്റര്‍ നടത്തുന്ന വിദേശ മലയാളി അറക്കത്തറ ലൂയീസ് ആണ് വിമാനയാത്ര സ്പോണ്സര് ചെയ്തിട്ടുള്ളത്. സാമൂഹ്യ പ്രവര്ത്തകന് കൂടിയായ ലൂയീസ് ഒരിക്കല്‍ തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള ഒരു സ്പെഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഭിന്നശേഷിയുള്ള ഒരു കുട്ടി വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹം അറിയിച്ചു. തുടര്‍ന്നാണ് 50 കുട്ടികള്‍ക്കുള്ള വിമാനയാത്ര എന്ന പരിപാടി ലൂയീസ് ഏറ്റെടുത്തത്.
യാത്രക്കായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങല്‍ എല്ലാവര്ക്കും തിരിച്ചറിയല്‍ കാര്ഡ്എന്നിവയെല്ലാം ഏര്‍പ്പാടാക്കി.കുട്ടികളുടെ സംരക്ഷണത്തിന് 17 അധ്യാപകരും ,ഒരു ഡോക്ടറും വിമാനത്തിലുണ്ടായിരിക്കും. സര്‍വശിക്ഷാ അഭിയാന് ബ്ലോക്ക് റിസോഴ്സ് സെന്റര്‍ ആദ്യമായാണ് ഇത്തരത്തില്‍ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളെ ആകാശയാത്രക്കായി സജ്ജമാക്കുന്നത്.രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളെയാണ് ആകാശയാത്രക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: