പാലക്കാട്:നഗരത്തില്‍ വന്‍ കവര്‍ച്ച. ആള് താമസമുള്ള വീട്ടില്‍ നിന്നും അറുപതുപവന് സ്വര്‍ണാഭരണം കവര്‍ന്നു. കോളജ് റോഡ് നളന്ദ റസ്റ്റോറന്റിനു സമീപം താമസിക്കുന്ന ഹോമിയോ ഡോക്ടര്‍ പി.ജി. മേനോന്റെ കൃഷ്ണ നികേതന്‍ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ പുലര്‍ച്ചേ 12.30നും ആറുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ പൂജാമുറിയില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ മാലകളാണ് കവര്‍ച്ച ചെയ്തത്. ഞായറാഴ്ച രാവിലെ എഴുന്നറ്റപ്പോഴാണ്് മോഷണം നടന്നത് അറിഞ്ഞത്. സംഭവസമയം 93 കാരനായ ഡോക്ടറും പ്രായമുള്ള വീട്ടുജോലിക്കാരിയുമാണ് ഉണ്ടായിരുന്നത്.
വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. വീട്ടുജോലിക്കാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. സംഭവമറിഞ്ഞ് പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് വീടിനുചുറ്റും ഓടി നില്‍ക്കുകയായിരുന്നു.
ഡിവൈഎസ്പി ശശികുമാര്‍, നോര്‍ത്ത് സിഐ ശിവശങ്കരന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. മുമ്പും ഇവരുടെ വീട്ടില്‍ മോഷണം നടന്നിട്ടുള്ളതായി പറയുന്നു. ഡോക്ടര്‍ ഒറ്റയ്ക്കാണ് താമസം. നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: