ആലപ്പുഴ: മാവേലിസ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയും കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കയര്‍ വ്യവസായത്തിന്റെ കണ്‍സള്‍ട്ടിങ് സെന്ററായി കേരളം മാറും. കയര്‍കേരള 2017ല്‍ കയറ്റുമതിക്കാരുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി കേരളത്തിലെ കയര്‍ വ്യവസായത്തെ സംരക്ഷിക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പച്ചത്തൊണ്ടില്‍ നിന്നും ചകിരി വേര്‍തിരിച്ചെടുക്കും. ഇത്തരം യന്ത്രങ്ങളുടെ മേല്‍നോട്ടത്തിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും പോളിടെക്നിക് വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പാക്കും. രാജ്യത്താകെ 500 ഡീലര്‍ ഷോപ്പുകള്‍ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കയര്‍ കേരളയുടെ ഭാഗമായിട്ടാകും ഷോപ്പുകള്‍ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ സംവാദത്തില്‍ വിവേക് വേണുഗോപാല്‍, സി.ആര്. ദേവരാജ്, റോബി ഫ്രാന്‍സിസ്, ജേക്കബ്ബ് നെരോത്ത്, കയര്‍ കോര്പ്പറേഷന് ചെയര്മാന് ആര്. നാസര്‍, കയര്‍ യന്ത്ര നിര്‍മ്മാണ ഫാക്ടറി മാനേജിങ് ഡയറക്ടര്‍ പി.വി. ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: