ന്യൂദല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെ നിയമവിരുദ്ധമായി ഖനനാനുമതി നല്‍കിയതിന് മുന്‍ കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജനെതിരെ സിബിഐ കേസെടുത്തു. ചെന്നൈയിലെ അവരുടെ വസതിയില്‍ അന്വേഷണ സംഘം ഇന്നലെ റെയ്ഡ് നടത്തി. രണ്ടാം യുപിഎ സര്‍ക്കാരില്‍ 2011 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയാണ് ജയന്തി പരിസ്ഥിതി മന്ത്രിയായിരുന്നത്.
ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളും സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും മറികടന്ന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഝാര്‍ഖണ്ഡില്‍ സ്വകാര്യ കമ്പനിയായ ഇലക്ട്രോസ്റ്റീല്‍ കാസ്റ്റിംഗ് ലിമിറ്റഡിന് ജയന്തി അനുമതി നല്‍കിയതെന്ന് സിബിഐ പറയുന്നു. 55.79 ഹെക്ടര്‍ വനഭൂമിയാണ് കമ്പനിക്ക് ഖനനത്തിനായി നല്‍കിയത്. മുന്‍പത്തെ പരിസ്ഥിതി മന്ത്രി ഇതിന് അനുമതി നിഷേധിച്ചിരുന്നു. കമ്പനിയുടെ മുന്‍ ഡയറക്ടര്‍ ഉമാംഗ് കെജ്രിവാളും കേസില്‍ പ്രതിയാണ്.
വിവിധ പദ്ധതികള്‍ക്ക് ജയന്തി നടരാജന് അനുമതി നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2015ല്‍ സിബിഐ അഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. നിയമലംഘനം പുറത്തായതിനെ തുടര്‍ന്ന് ജയന്തിയെ കോണ്‍ഗ്രസ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. വന്‍ പദ്ധതികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അനുമതി നിഷേധിച്ചിരുന്നതായും രാഹുലും സോണിയയും വകുപ്പില്‍ ഇടപെട്ടിരുന്നതായും ജയന്തി വെളിപ്പെടുത്തിയിരുന്നു.
2014ല്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ്, ജെഎസ്ഡബ്ലു സ്റ്റീല്‍, പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ രണ്ട് പ്രാഥമിക അന്വേഷണം സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നു. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച ജയന്തി 2015 ജനവരിയില്‍ പാര്‍ട്ടി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: