ഒറ്റപ്പാലം:സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റി കൈയേറിയ താലൂക്ക് ആശുപത്രിയുടെ പതിനാലു സെന്റ് സ്ഥലം തിരിച്ചുപിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു നിര്‍ത്തിവെച്ചു.
താലൂക്ക് ആശുപത്രിക്ക് അവകാശപ്പെട്ട പതിനാലു സെന്റു സ്ഥലമാണ് മുപ്പതു വര്‍ഷമായി സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ കൈവശമുള്ളത്. ഇതിനെതിരെ 1987ല്‍ സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്നാല്‍ കൈയേറ്റ സ്ഥലം കൈമാറ്റം ചെയ്യാവുന്നതല്ലയെന്നു കാണിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തലത്തിലുണ്ടായ കാലതാമസം ലോകായുക്തയില്‍ പരാതി നല്കാന് കാരണമായി.
നഗരസഭ കൗണ്‍സിലറും, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ പി.എം. എ.ജലീല്‍ ലോകായുക്തക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുപ്പതു വര്‍ഷം പിന്നിട്ട സൊസൈറ്റിയുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു. തുടര്‍ന്നു കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ലഭിച്ചതായി സൊസൈറ്റി രേഖാമൂലം അറിയിച്ചു. എന്നാല്‍ കൈവശക്കാരുടെ വാദം കേള്‍ക്കാന്‍ നല്കിയ നോട്ടീസിനു മറുപടിയായി രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചസമയം നല്‍കിയെങ്കിലും അതിനു മുമ്പേ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ലഭിച്ചതായി സൊസൈറ്റി അറിയിച്ചു.
എന്നാല്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഇതു കിട്ടുന്ന മുറക്ക് നടപടി ഉണ്ടാകുമെന്നുമാണു റവന്യൂ ഉദ്യോഗസ്ഥരുടെ പ്രതികരണം. മൂന്നു പതിറ്റാണ്ടു മുമ്പ് സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റികൈയേറിയ താലൂക്ക് ആശുപത്രിയുടെ പതിനാലു സെന്റ് സ്ഥലം ഒഴിപ്പിക്കാന്‍ കൈക്കൊണ്ട നടപടി അന്ന് നിര്‍ത്തിവെച്ചതും ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു.
എന്നാല്‍ ഈ കാലയളവില്‍ സൊസൈറ്റി മറ്റൊരു സ്വകാര്യ സ്ഥാപനത്തിനു വാടകക്കു നല്‍കിയിരുന്നു. 42 വര്‍ഷം മുമ്പ് സ്കിപ്പോ എന്ന സന്നദ്ധ സംഘടന മുഖേനയാണു ഈ സ്ഥലം സൊസൈറ്റിയുടെ കൈവശമാകുന്നത്. ആരോഗ്യ സേവനരംഗത്തു പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കിപ്പോ 1975ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ആറ് സ്ഥലത്തായി സ്കിപ്പൊയുടെ കൈവശമുള്ള സ്ഥലം സൊസൈറ്റിക്കു കൈമാറിയത്. ഇതില്‍ താലൂക്ക് ആശുപത്രിയുടെ 14 സെന്റുസ്ഥലവും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ അമ്പലപ്പാറയില്‍ സൊസൈറ്റിയുടെ കൈവശമിരുന്നസ്ഥലംഇപ്പോള് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണെന്നാണു സൂചന. ഇതു സംബന്ധിച്ചു അന്വേഷണം ആവിശ്യപ്പെട്ടു സബ് കലക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സിക്പ്പൊ എന്ന സന്നദ്ധ സംഘടനക്കു സ്വകാര്യ വ്യക്തി കൈമാറിയതാണെന്നും ഇത് സൊസൈറ്റിക്ക് കൈമാറിയതായി കാണിക്കാന്‍ കഴിയില്ലെന്നുമാണു ഉദ്യോഗസ്ഥരുടെ നിലപാട്.
സ്ഥലം സൊസൈറ്റിയുടെ കൈവശമിരിക്കെ വില്ലേജ് രേഖയില്‍ സര്‍ക്കാര്‍ വക ഒറ്റപ്പാലം കോഓപ്പറേറ്റീവ് ഗ്രൂപ്പ് ഹോസ്പിറ്റല്‍ സൊസൈറ്റി എന്ന പേരിലാണ്. എന്നാല്‍ നിലവില്‍ ഇതു സ്വകാര്യ വ്യക്തിയുടെ പേരിലാണു.മുപ്പത്തിയാറ് വര്‍ഷം മുമ്പ് സൊസൈറ്റിയില്‍ നിന്നും സ്വകാര്യവ്യക്തിയുടെ കൈവശമായഅര ഏക്കര്‍ ഭൂമി 1993ല്മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലെത്തിയെന്നതാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: